സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പാചകവാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഉച്ചഭക്ഷണ പദ്ധതിയെ ഗുരുതരമായി ബാധിക്കുന്നു. പച്ചക്കറി, പാൽ, മുട്ട
എന്നിവയുടെ വിപണിവില സർവകാല റെക്കോർഡിലെത്തിയതോടെയാണ് സ്കൂളുകളിൽ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. സർക്കാർ സൗജന്യമായി അരി മാത്രമാണ് നൽകുന്നത്.
മറ്റ് വിഭവങ്ങൾക്കായുള്ള തുക സ്കൂളുകൾ മുൻകൂറായി കണ്ടെത്തിയ ശേഷം പിന്നീട് സബ്സിഡി കൈപ്പറ്റുന്ന രീതിയാണ് നിലവിലുള്ളത്. ഇത് പ്രധാനാധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കും കനത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
നിലവിലുള്ള സബ്സിഡി തുക അപര്യാപ്തമാണെന്നും അത് വർധിപ്പിക്കണമെന്നുമാണ് അധ്യാപകരുടെ പ്രധാന ആവശ്യം. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ഒരു വിദ്യാർത്ഥിക്ക് ദിവസേന 6.78 രൂപയാണ് ഉച്ചഭക്ഷണത്തിനായി അനുവദിച്ചിരിക്കുന്നത്.
അരി ഒഴികെയുള്ള പച്ചക്കറികൾ, പാചകയെണ്ണ, മറ്റ് പലവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ഈ തുകയ്ക്കുള്ളിൽ വാങ്ങണം. വിപണിയിൽ പച്ചക്കറികളുടെ വില കുത്തനെ ഉയർന്നിട്ടും ഈ തുകയിൽ യാതൊരുവിധ വർധനവും വരുത്തിയിട്ടില്ല.
ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ ഒരു കുട്ടിക്ക് 10.17 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ തുകയും ഇന്നത്തെ സാഹചര്യത്തിൽ തികച്ചും അപര്യാപ്തമാണെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
കുട്ടികൾക്ക് പോഷകാഹാരമായി നൽകേണ്ട പാൽ, മുട്ട
എന്നിവയ്ക്കുള്ള സർക്കാർ വിഹിതവും വിപണിവിലയും തമ്മിൽ വലിയ അന്തരമുണ്ട്. പാലിന് ലിറ്ററിന് 52 രൂപയാണ് സബ്സിഡിയെങ്കിൽ, വിപണിയിൽ വില 60 രൂപയ്ക്ക് മുകളിലാണ്.
മുട്ടയ്ക്ക് സർക്കാർ നൽകുന്നത് 6 രൂപയാണെങ്കിലും നിലവിലെ വിപണിവില 9 രൂപയിലെത്തിയിരിക്കുന്നു. വലിയ വിദ്യാലയങ്ങളിൽ മൊത്തവ്യാപാര നിരക്കിൽ സാധനങ്ങൾ വാങ്ങാനാകുമെങ്കിലും, നൂറിലധികം വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന എൽപി, യുപി സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് ഈ വിലക്കയറ്റം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പദ്ധതി മുന്നോട്ട് കൊണ്ടുപോകേണ്ട ഗതികേടിലാണ് പലരുമെന്ന് അധ്യാപകർ വ്യക്തമാക്കുന്നു.
അതോടൊപ്പം, 2012-ന് ശേഷം ആരംഭിച്ച എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി ക്ലാസുകൾക്ക് ഇതുവരെ സർക്കാർ അംഗീകാരമോ സബ്സിഡിയോ ലഭ്യമല്ല. ഈ ക്ലാസുകളിലെ കുട്ടികൾക്കും ഉച്ചഭക്ഷണത്തിനുള്ള സബ്സിഡി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രശ്നങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ പലതവണ പെടുത്തിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. സബ്സിഡി കണക്കുകൾ താഴെ പറയുന്നതാണ്: എൽപി വിഭാഗം (പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ): 4.07 രൂപ (കേന്ദ്ര വിഹിതം) + 2.71 രൂപ (സംസ്ഥാന വിഹിതം) = 6.78 രൂപ യുപി വിഭാഗം (ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ): 6.10 രൂപ (കേന്ദ്ര വിഹിതം) + 4.07 രൂപ (സംസ്ഥാന വിഹിതം) = 10.17 രൂപ അതേസമയം, വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ കാര്യങ്ങൾ സുഗമമായി നടക്കുന്നുണ്ട്.
മുട്ടയ്ക്ക് വാഹനച്ചെലവ് ഉൾപ്പെടെ 10 രൂപയും, പാലിന് ഒരു കുട്ടിക്ക് 8 രൂപയും, പച്ചക്കറിക്ക് 5 രൂപയും സബ്സിഡിയായി ലഭിക്കുന്നുണ്ട്. സപ്ലൈകോ വഴി അരിയും മറ്റ് സാധനങ്ങളും കൃത്യമായി ലഭിക്കുന്നതിനാൽ അങ്കണവാടികളിൽ പ്രതിസന്ധികളില്ലെന്ന് ജീവനക്കാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

