വിഴിഞ്ഞം തീരദേശ പൊലീസിന്റെ ബോട്ടുകൾ സുരക്ഷിതമായി ബെർത്ത് ചെയ്തു നിർമിക്കുന്നതിനായി ആവിഷ്കരിച്ച പുതിയ ബെർത്ത് നിർമാണത്തിന്റെ രൂപരേഖ പരിശോധിക്കുന്നതിനായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിദഗ്ധരുടെ സാങ്കേതിക ഉപദേശം തേടി ഹാർബർ എൻജിനീയറിങ് വകുപ്പ് (എച്ച്ഇഡി). നിർമാണത്തിലിരിക്കെ ബെർത്ത് തകർന്നു വീണ പശ്ചാത്തലത്തിലാണ് മറ്റൊരു വിദഗ്ധ സമിതിയുടെ അഭിപ്രായം തേടാൻ അധികൃതർ തീരുമാനിച്ചത്.
പരിശോധനാ നടപടികൾക്കായി 1,77,000 രൂപ എൻജിനീയറിങ് കോളജിലേക്ക് ഇതിനോടകം അടച്ചതായി എച്ച്ഇഡി അധികൃതർ വ്യക്തമാക്കി. എൻജിനീയറിങ് കോളജിലെ പ്രഫസർമാർ ഉൾപ്പെടുന്ന വിദഗ്ധ സംഘം വൈകാതെ തന്നെ വിഴിഞ്ഞത്ത് നേരിട്ടെത്തി പരിശോധന നടത്തും.
ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക റിപ്പോർട്ട് ലഭ്യമാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നിർമാണ ജോലികൾ ഉടൻ ആരംഭിക്കും.
കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിക്കൊണ്ടുള്ള നിർമാണമാണ് നടന്നിരുന്നത്. എന്നാൽ ശക്തമായ തിരയടിയിൽ ബ്ലോക്കുകൾക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തതോടെ പണികൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
നിലവിൽ നിർമാണത്തിനായി ഉപയോഗിച്ച ബ്ലോക്കുകൾ കരയിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഇത് അശാസ്ത്രീയമായ നിർമാണമാണെന്ന തരത്തിൽ വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതിനിടയിൽ നിർമാണത്തിനായി എത്തിച്ച ഭാരമേറിയ ക്രെയിൻ കയറി മത്സ്യബന്ധന തുറമുഖത്തോട് അനുബന്ധിച്ച ബെർത്തിന്റെ ഭാഗവും തകർന്നിട്ടുണ്ട്. വിഴിഞ്ഞത്തെ തീരദേശ പൊലീസിന് ബോട്ടുകൾ ബന്ധിച്ചു നിർത്താൻ സ്ഥിരം സംവിധാനമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമായാണ് പുതിയ ബെർത്ത് നിർമാണ പദ്ധതിക്ക് രൂപം നൽകിയത്.
കേന്ദ്ര സർക്കാരിന്റെ വിഹിതമായ 50 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ 10 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 60 ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

