ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി സമരവേദിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 2873 പേര് എത്തിയതായി ഡല്‍ഹി പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം. ജൂലൈ 20-നും 25-നും ഇടയിലാണ് ഇവര്‍ ജന്തര്‍ മന്തറില്‍ പ്രവേശിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ ക്യാമറകള്‍ (മുഖം തിരിച്ചറിയുന്ന ക്യാമറകള്‍) ഉപയോഗിച്ചാണ് സംശയാസ്പദമായ രീതിയില്‍ എത്തിയവരെ തിരിച്ചറിഞ്ഞതെന്ന് അധികൃതര്‍ വിശദീകരിച്ചു. രാജ്യതലസ്ഥാനത്ത് നടന്ന വിവിധ അക്രമ സംഭവങ്ങളില്‍ ഈ സംഘത്തിന് പങ്കുണ്ടോയെന്ന കോണില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കൊലപാതകം, ലൈംഗിക അതിക്രമം, പോക്സോ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് തിരിച്ചറിഞ്ഞവരില്‍ ഏറെയും. ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ പലരും സമരവേദിയില്‍ ആവര്ത്തിച്ചെത്തിയിരുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഡല്‍ഹി പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ഇങ്ങനെയാണ്: 101 പേര് കൊലപാതക കേസുകളിലും, 62 പേര് കൊലപാതകശ്രമ കേസുകളിലും, 284 പേര് മോഷണം, കവര്‍ച്ച കേസുകളിലും, 229 പേര് ആയുധ നിയമപ്രകാരമുള്ള കേസുകളിലും, 135 പേര് പിടിച്ചുപറി കേസുകളിലും, 19 പേര് തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും, 67 പേര് മറ്റ് കുറ്റകൃത്യങ്ങളിലും പ്രതികളാണ്.
ഡല്‍ഹി പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. അതേസമയം, സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുന്നത്. സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിക്കവേ കോടതി നിരീക്ഷിച്ചിരുന്നു.
പ്രതിഷേധം അരങ്ങേറി എന്ന ഒരൊറ്റ കാരണത്താല്‍ മാത്രം പൊലീസ് നടത്തുന്ന ലാത്തിച്ചാര്‍ജിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. പരിക്കേറ്റ പോലീസുകാരുടെ കുടുംബങ്ങളും തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് കോടതിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ബീഹാര്‍ ബന്ദിനിടെയുണ്ടായ എകെ 47 ഉപയോഗിച്ചുള്ള വെടിവെപ്പ് സംബന്ധിച്ച വിവരങ്ങളും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

