സ്വന്തം ബസുകൾ വർക്ഷോപ്പുകളിൽ കിടന്നു നശിക്കുമ്പോൾ ഓണക്കാല സർവീസുകൾക്കായി പുതിയ ബസുകൾ വാടകയ്ക്കെടുക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന പ്രീമിയം വോൾവോ ബസുകൾ പോലും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ നശിപ്പിക്കുന്നതായാണ് പ്രധാന ആക്ഷേപം.
കണിയാപുരം ഡിപ്പോയുടെ കീഴിൽ സർവീസ് നടത്തിയിരുന്ന ബെംഗളൂരു ഗജരാജ് സർവീസിലെ വോൾവോ ബസ് അപകടത്തിൽപ്പെട്ട് 6 മാസം കഴിഞ്ഞിട്ടും ഇതുവരെ സർവീസിലേക്ക് തിരിച്ചെത്തിയിട്ടില്ല. നിലവിൽ ബെംഗളൂരുവിലെ വർക്ഷോപ്പിലാണ് ഈ വാഹനം ഉള്ളത്.
ബസുകളുടെ കുറവ് കാരണം ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ബെംഗളൂരു സർവീസ് നടക്കുന്നത്.
എല്ലാ ദിവസവും സർവീസ് ലഭ്യമല്ലാതായതോടെ സ്ഥിരം യാത്രികരും കെഎസ്ആർടിസിയെ കൈയൊഴിയുന്ന സാഹചര്യമാണ് ഉള്ളത്. പ്രതിദിനം ഒരു ലക്ഷം രൂപയിൽ അധികം വരുമാനം ലഭിച്ചിരുന്ന പ്രമുഖ സർവീസിനാണ് ഈ ദുരവസ്ഥ.
ഇതിനുപുറമേ, എറണാകുളം ഡിപ്പോയിൽ നിന്നും ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്ന ചില വോൾവോ ബസുകളും നിലവിൽ സർവീസിന് പുറത്താണ്. സ്വിഫ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വോൾവോ സർവീസുകൾ പിന്നീട് കെഎസ്ആർടിസി നേരിട്ട് ഏറ്റെടുത്തതുമുതൽ, സമയബന്ധിതമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരികെ നൽകുന്നില്ലെന്നും കടുത്ത ആക്ഷേപമുണ്ട്.
സ്വകാര്യ ബസുകൾ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ 2500 രൂപ മുതൽ ഉയർന്ന നിരക്ക് ഈടാക്കുമ്പോൾ, കെഎസ്ആർടിസി വോൾവോ സർവീസുകളിൽ 1711 രൂപ മുതൽ മാത്രമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഓണക്കാലത്ത് കെഎസ്ആർടിസിയുടെ വോൾവോ സർവീസുകൾ മുടങ്ങുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമായിരുന്ന മികച്ച യാത്രാ സൗകര്യമാണ് നഷ്ടപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

