മുണ്ടും ചട്ടയുമിട്ട് കസേരയിലിരിക്കുന്ന റോസമ്മ തൃശൂർ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾക്ക് വെറുമൊരു മോഡൽ മാത്രമായിരുന്നില്ല, മറിച്ച് വലിയൊരു അനുഭവമായിരുന്നു. 2002 മുതൽ 2024 വരെ തൃശൂർ ഫൈൻ ആർട്സ് കോളേജിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ലൈഫ് സ്റ്റഡി മോഡൽ ആയിരുന്നു കോഴിക്കുന്ന് തൈക്കാട്ടിൽ പൊറിഞ്ചു മകൾ റോസ.
പ്രായാധിക്യത്തെ തുടർന്ന് അവശയായിരുന്ന അവർ കഴിഞ്ഞ മാസം 28 ശനിയാഴ്ചയാണ് അന്തരിച്ചത്. അന്തരിക്കുമ്പോൾ 96 വയസ്സായിരുന്നു ഇവർക്ക് പ്രായം.
കലാനിരൂപണ വിദ്യാഭ്യാസത്തിൽ മനുഷ്യരൂപത്തെ കൃത്യമായി നിരീക്ഷിക്കാനും ചിത്രീകരിക്കാനും സഹായിക്കുന്ന പ്രധാന ഭാഗമാണ് ലൈഫ് സ്റ്റഡി. ഈ പരിശീലനത്തിലൂടെ കലാകാരന്മാർക്ക് തങ്ങളുടെ നിരീക്ഷണ പാടവം വികസിപ്പിക്കാനും ശരീരഘടനാ ചലനങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു.
സ്നേഹത്തോടെ റോസമ്മ ചേച്ചിയെന്നും അമ്മാമ്മയെന്നും വിദ്യാർത്ഥികൾ വിളിച്ചിരുന്ന ഇവർ, 90-ാം വയസ്സിലും കോഴിക്കുന്നിലെ വീട്ടിൽ നിന്നും ഒറ്റയ്ക്ക് ബസ് മാർഗ്ഗമാണ് കോളേജിലേക്ക് എത്തിയിരുന്നത്. ടൗൺ ഹാളിനു മുന്നിൽ ഇറങ്ങി നടന്നെത്തുന്ന റോസമ്മയ്ക്ക് ബസ് യാത്രകളിലെ കാഴ്ചകൾ ആസ്വദിക്കുന്നത് ഏറെ ഇഷ്ടമായിരുന്നു.
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വിദ്യാർത്ഥികൾക്ക് മുന്നിൽ അനങ്ങാതെ ഇരിക്കുക എന്നതാണ് റോസമ്മയുടെ പ്രധാന ജോലി. കുട്ടികൾ അവരെ നോക്കി ചിത്രങ്ങൾ വരയ്ക്കുകയും ശിൽപങ്ങൾ നിർമ്മിക്കുകയും ചെയ്യുമായിരുന്നു.
ഈ ഇരിപ്പിനെ അവർ ഒരു സ്വാതന്ത്ര്യമായും ധ്യാനമായുമാണ് കണ്ടിരുന്നത്. വിദ്യാർത്ഥികളോടൊപ്പം വട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും, തൂക്കുപാത്രത്തിലെ ചോറും കറികളും പങ്കുവെക്കുന്നതും പൂർവ വിദ്യാർത്ഥിയായ സ്റ്റെഫി മോൾ സ്മരിക്കുന്നു.
ഓർമ്മക്കുറവ് ബാധിച്ച ശേഷവും കൃത്യസമയത്ത് കോളേജിൽ എത്തിയിരുന്ന റോസമ്മയുടെ ജീവിതം നിരവധി വിദ്യാർത്ഥികൾക്ക് പ്രചോദനമായിരുന്നു. തൃശൂർ ഗവ.
കോളജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ശിൽപകലയിൽ ബിരുദം നേടിയ കീർത്തി നിർമ്മിച്ച റോസമ്മയുടെ ശിൽപം കോഴിക്കോട്ടെ ഹോർത്തൂസ് ബിനാലെ പവലിയനിൽ പ്രദർശിപ്പിച്ചിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച വ്യക്തിത്വമായാണ് ഇതിൽ റോസമ്മയെ ചിത്രീകരിച്ചിരിക്കുന്നത്.
22 വർഷത്തോളം ഫൈൻ ആർട്സ് കോളേജിൽ സജീവ സാന്നിധ്യമായിരുന്ന റോസമ്മയ്ക്ക് അർഹമായ ആദരവ് നൽകാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപികയായ കവിത ബാലകൃഷ്ണനും കോളേജിലെ വിദ്യാർത്ഥികളും. റോസമ്മയോടൊപ്പം ജയചന്ദ്രൻ ചേട്ടൻ, രാജേട്ടൻ, വാസുവേട്ടൻ തുടങ്ങിയ മറ്റ് മോഡലുകളുടെയും ഓർമ്മകൾ തൃശൂർ ഫൈൻ ആർട്സ് കോളേജിന്റെ ചരിത്രത്തിൽ എക്കാലവും നിലനിൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

