ന്യൂഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനിടെയുണ്ടായ സംഘർഷാവസ്ഥയിൽ സുരക്ഷാസേന പെല്ലറ്റ് തോക്ക് ഉപയോഗിച്ച സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ ജൂലൈ 20ന് നടന്ന മാർച്ചിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ജവാനാണ് പെല്ലറ്റ് തോക്ക് പ്രയോഗിച്ചതെന്ന് സെൻട്രൽ റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) അന്വേഷണത്തിൽ വ്യക്തമായി.
ആർഎഎഫ് ജവാൻ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് കുറഞ്ഞത് ഏഴ് റൗണ്ട് വെടിവച്ചതായാണ് സിആർപിഎഫിന്റെ കണ്ടെത്തൽ. ഇതിൽ അഞ്ച് റൗണ്ടുകൾ പ്രതിഷേധക്കാരുടെ ശരീരത്തിലാണ് പതിച്ചതെന്നും രണ്ടെണ്ണം നിലത്താണ് പതിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തതിനെത്തുടർന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്. കോണാട്ട് പ്ലേസിൽ വച്ചാണ് ഒരു ഉദ്യോഗസ്ഥൻ ഏഴ് പെല്ലറ്റ് റൗണ്ടുകൾ ഉതിർത്തതെന്ന് ഉദ്യോഗസ്ഥരുടെ ലോഗ് ബുക്ക് പരിശോധിച്ചതിൽ നിന്നും വ്യക്തമായിട്ടുണ്ട്.
പെല്ലറ്റ് തോക്കിൽ നിന്നുള്ള വെടിയേറ്റ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ നിശ്ചിത മാനദണ്ഡങ്ങൾക്കും ആർഎഎഫ് പരിശീലനത്തിനും അനുസൃതമല്ലെന്ന് ആർഎഎഫ് ഇൻസ്പെക്ടർ ജനറൽ സീമ ധുന്ധിയ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
ആഭ്യന്തര അവലോകനത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നിരീക്ഷണം. സാഹചര്യത്തിന്റെ തീവ്രതയനുസരിച്ച് മാത്രം ബലപ്രയോഗം നടത്തണമെന്നും, ലാത്തിച്ചാർജ്, കണ്ണീർവാതകം തുടങ്ങിയ അംഗീകൃത മാർഗങ്ങൾ കൃത്യമായ മുന്നറിയിപ്പുകൾ നൽകിയ ശേഷം മാത്രമേ പ്രയോഗിക്കാവൂ എന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 20നു ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നു റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) മേധാവി തന്നെ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം നടത്തിയ അവലോകനത്തിലാണു ആർഎഎഫ് മേധാവി വീഴ്ച സമ്മതിച്ചത്. വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിരുന്നു.
സമരം അവസാനിക്കുകയും ആളുകൾ പിരിഞ്ഞുപോകുകയും ചെയ്ത സാഹചര്യത്തിൽ, എല്ലാ പ്രധാന ദൗത്യങ്ങൾക്കും ശേഷം ചെയ്യാറുള്ളത് പോലെ ഒരു പ്രഫഷണൽ വിലയിരുത്തൽ നടത്തുമെന്നും, അതിനുശേഷം ഔദ്യോഗിക നിലപാട് അറിയിക്കുമെന്നും സിആർപിഎഫ് ഡയറക്ടർ ജനറൽ ജ്ഞാനേന്ദ്ര പ്രതാപ് സിങ് വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ തുടർ നടപടിയുണ്ടാകുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.
കേന്ദ്ര റിസർവ് പൊലീസ് സേനയ്ക്കു (സിആർപിഎഫ്) കീഴിൽ 1992ൽ രൂപം നൽകിയ ആർഎഎഫിനെയാണു കലാപം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാൻ നിയോഗിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

