കൊച്ചി: തൃക്കാക്കരയിൽ നടുറോഡിൽ യുവാക്കളെ ക്രൂരമർദനത്തിന് ഇരയാക്കിയ കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് യുവാക്കളെ ആക്രമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികളാണ് ഈ പ്രതികൾ. തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കാറിലെത്തിയ സംഘം യുവാക്കളെ അതിക്രൂരമായി മർദിച്ചത്.
വാഴക്കാല സ്വദേശികളായ ഷാഫി, നിസാം, പ്രവീൺകുമാർ എന്നിവർക്കാണ് ഈ ആക്രമണത്തിൽ പരിക്കേറ്റത്. കാറിൽനിന്ന് പുറത്തിറങ്ങിയ പ്രതികൾ യുവാക്കളുടെ മുഖത്ത് പലതവണ ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു.
അശ്രദ്ധമായി കാർ ഓടിച്ചത് യുവാക്കൾ ചോദ്യം ചെയ്തതാണ് ഈ സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിൽ പരിക്കേറ്റ പ്രവീണിന്റെ തലയിൽ രക്തസ്രാവമുണ്ടായിട്ടുണ്ട്.
അദ്ദേഹം നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റു രണ്ട് പേർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കാറിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഈ വാഹനം കോട്ടയം മീനച്ചിൽ സ്വദേശിയുടേതാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് വാഹന ഉടമയിൽ നിന്നും പൊലീസ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
പ്രതികൾ ഉപയോഗിച്ച കാർ കാക്കനാട് ഭാഗത്ത് തന്നെയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

