ഡൽഹി: സി ജെ പി സമരത്തിനെതിരായ നടപടിയിൽ പൊലീസിനും കേന്ദ്രസേനയ്ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണനയ്ക്കെടുക്കുന്നത്. നിലവിൽ മൂന്ന് ഹർജികളാണ് കോടതിയുടെ മുമ്പാകെയുള്ളത്.
കേന്ദ്രസേനയ്ക്കും ഡൽഹി പൊലീസിനെതിരെയും കർശന നിയമനടപടി സ്വീകരിച്ച് കേസെടുക്കണമെന്നടക്കമുള്ള പ്രധാന ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. കഴിഞ്ഞതവണ ഈ ഹർജി പരാമർശിക്കാൻ ശ്രമിക്കവേ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശം വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ കേസിനെ സംബന്ധിച്ചുള്ള അടിയന്തര വിശദാംശങ്ങൾ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് ചീഫ് ജസ്റ്റിസ് പിന്നീട് നൽകിയത്. അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുണ്ടായ വൻ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോക്കറോച്ച് ജനതാ പാർട്ടി തങ്ങളുടെ ഭാവി രാഷ്ട്രീയ – പ്രക്ഷോഭ തന്ത്രങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി.
ദേശീയ തലത്തിലെ വിജയത്തിന് പിന്നാലെ പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും സി ജെ പി ശക്തമായി ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചു. ജന്തർ മന്തറിലെ നീറ്റ് വിരുദ്ധ സമരം വിജയകരമായി അവസാനിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫാർമസി ഓഫീസർ നിയമന പരീക്ഷ ഉൾപ്പെടെ പഞ്ചാബിൽ അടുത്തിടെ നടന്ന വിവിധ മത്സരപ്പരീക്ഷകളിൽ വലിയ രീതിയിൽ ചോദ്യപേപ്പർ ചോർന്നതായി ഗുരുതര ആരോപണമുണ്ട്. ഈ വിഷയത്തിൽ നിർണായക ചർച്ചകളും ആസൂത്രണവും നടന്നു വരികയാണെന്നും ഉടൻ തന്നെ സംഘടനയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുമെന്നും അഭിജിത് ദീപ്കെ കൂട്ടിച്ചേർത്തു.
നീറ്റ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ എഫ് ഐ ആറുകളും പൂർണ്ണമായും പിൻവലിക്കണമെന്ന് സി ജെ പി ശക്തമായി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം പിയുമായ കപിൽ സിബലുമായി അഭിജിത് ദീപ്കെ കൂടിക്കാഴ്ച നടത്തി.
വിദ്യാർത്ഥികൾക്കെതിരെയുള്ള അന്യാതമായ നിയമനടപടികളെ നേരിടുന്നതിനും പ്രക്ഷോഭത്തിന്റെ തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി നിയമോപദേശം തേടുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

