ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പണമിടപാടു നടത്തിയ കേസിൽ ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ അധ്യാപികമാർക്ക് എതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര നടപടി. പേരാമ്പ്ര മരുതോങ്കര സ്വദേശിയായ കീർത്തനയെ (28) സേവനത്തിൽ നിന്നും പിരിച്ചുവിട്ടു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയായ കാവ്യയെ (29) ഇന്നുതന്നെ പിരിച്ചുവിടും. സമഗ്ര ശിക്ഷ കേരളയുടെ കീഴിലുള്ള പേരാമ്പ്ര ബിആർസിയിൽ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് ഇരുവരും ജോലി ചെയ്തുവന്നിരുന്നത്.
വടകര സ്വദേശിയായ യുവാവിനെ എംഡിഎംഎ സഹിതം പിടികൂടിയ കേസിലെ അന്വേഷണമാണ് നിർണായക വഴിതിരിവിലേക്കും അധ്യാപികമാരുടെ അറസ്റ്റിലേക്കും നയിച്ചത്. കഴിഞ്ഞ മാസം 11-ാം തീയതിയാണ് കാവ്യയുടെ സുഹൃത്തു കൂടിയായ കീർത്തനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കീർത്തനയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയാണ് കാവ്യയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ കാരണമായത്. ഇരുവരും സംഘടിതമായ ലഹരി ഇടപാടിലെ പ്രധാന കണ്ണികളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
എംഡിഎംഎ ആവശ്യമുള്ളവർ പണം അയച്ചിരുന്നത് കീർത്തനയുടെ അക്കൗണ്ടിലേക്കാണ്. പണം അക്കൗണ്ടിൽ എത്തിയ ഉടൻതന്നെ ആവശ്യക്കാർക്ക് ഫോൺ വഴി ലൊക്കേഷൻ അയച്ചുനൽകും.
തുടർന്ന് ഈ സ്ഥലത്ത് മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുന്നതാണ് ഇവരുടെ രീതി. പല തവണയായി കീർത്തനയുടെ അക്കൗണ്ടിൽ എത്തുന്ന തുക വലിയ അളവിലാകുമ്പോൾ കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു പതിവ്.
ഈ ലഹരി വിതരണ ശൃംഖലയിലെ പ്രധാനികളുമായി കാവ്യയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന ശക്തമായ സംശയവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

