കോഴിക്കോട് മുതൽ മുത്തങ്ങ വരെയുള്ള ദേശീയപാത 766 നാലുവരി പാതയായി വികസിപ്പിക്കുന്നതിനുള്ള ഡിപിആർ തയാറാക്കാനുള്ള ടെൻഡർ സമർപ്പിക്കുന്ന കാലാവധി മൂന്നാം തവണയും നീട്ടി നൽകി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആണ് ഇതുസംബന്ധിച്ച നടപടികൾ വൈകിപ്പിച്ചത്.
കേന്ദ്ര ഉപരിതല റോഡ് ഹൈവേ ഗതാഗതവകുപ്പ് മന്ത്രാലയം (മോർത്ത്) രണ്ടു തവണയും എൻഎച്ച്എഐ നാലു തവണയുമായി, കോഴിക്കോട് വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങ വരെയുള്ള പാതയ്ക്കായി ആറാം തവണയാണ് ടെൻഡർ ക്ഷണിക്കുന്നത്. ഈ നടപടിക്രമങ്ങളിലെ കാലതാമസം ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകേണ്ട
നിർദിഷ്ട വയനാട് ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ) അടക്കമുള്ള പദ്ധതികളെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
അധികൃതർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുള്ള ടെൻഡറുകൾ ലഭിക്കാത്തതാണ് കാലാവധി വീണ്ടും പത്തു ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കാരണം. ഇതുവരെ നൽകിയിരുന്ന അവസാന തീയതിയായ ഓഗസ്റ്റ് 24 എന്നത് ഓഗസ്റ്റ് മൂന്നു വരെയാണ് നീട്ടിയത്.
പ്രസ്തുത ദേശീയപാത വയനാട് ബൈപാസ് ഉൾപ്പെടുത്തി നാലുവരിയായി മാറ്റുന്നതിനായി മോർത്ത് മുൻപ് രണ്ടു തവണ ടെൻഡർ ക്ഷണിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഡൽഹി ആസ്ഥാനമായുള്ള സിവിൽ മന്ത്ര ഇൻഫ്രാ കോൺ കമ്പനി കരാർ ഏറ്റെടുത്തെങ്കിലും പ്രാരംഭ ജോലികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ കരാറുകാരെ ഒഴിവാക്കുകയായിരുന്നു.
തുടർന്ന് എൻഎച്ച്എഐ നേരിട്ട് ടെൻഡർ ക്ഷണിക്കുകയാണുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 24-നാണ് എൻഎച്ച്എഐ ആദ്യമായി ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചത്.
ഏപ്രിൽ ആറായിരുന്നു ആദ്യ ഘട്ടത്തിൽ ടെൻഡർ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അവസാന സമയം. ഇത് പലതവണ നീട്ടിയ ശേഷമാണ് ഇപ്പോൾ വീണ്ടും സാവകാശം അനുവദിച്ചിരിക്കുന്നത്.
കൊടുവള്ളി, താമരശ്ശേരി, ചുരം, മീനങ്ങാടി, ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ പുതിയ ബൈപാസുകൾ ഉൾപ്പെടെയുള്ള നാലുവരി പാതയുടെ ഡിപിആർ നടപടികൾ മന്ദഗതിയിലാകുന്നതിൽ ജനപ്രതിനിധികളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എംഎൽഎമാരായ സി.കെ.കാസിം, പി.കെ.ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും പൊതുമരാമത്ത്, റവന്യു, കൃഷി വകുപ്പ് മന്ത്രിമാരെയും നേരിൽ കണ്ട് ആശങ്ക പങ്കുവെച്ചിരുന്നു.
റോഡിന്റെ പ്രാധാന്യം മുൻനിർത്തി വികസന പദ്ധതികൾ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന ശക്തമായ ആവശ്യം കോഴിക്കോട്, വയനാട് ജില്ലകളിൽ ഉയരുന്നുണ്ട്. ഇതിനിടെ, കോഴിക്കോട് – കൊല്ലഗൽ ദേശീയപാത മോർത്തിൽ നിന്ന് എൻഎച്ച്എഐ ഏറ്റെടുക്കുന്നതിനുള്ള ഭരണപരമായ നടപടിക്രമങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

