പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടിഷുകാർ എസ്റ്റേറ്റുകളിൽ തേയിലയും കൊളുന്തും എത്തിക്കാൻ റോപ്വേയും മോണോ റെയിലും ഉപയോഗിച്ചിരുന്ന മാതൃകയിൽ, പുതിയകാലത്ത് ഡ്രോണുകൾ രംഗത്തിറക്കാൻ ഒരുങ്ങി എസ്റ്റേറ്റ് മാനേജ്മെന്റുകൾ. ഇതിന്റെ ഭാഗമായി മലമുകളിലുള്ള തോട്ടങ്ങളിൽനിന്ന് ഡ്രോൺ ഉപയോഗിച്ച് തേയിലക്കൊളുന്ത് താഴെ എത്തിക്കുന്നതിനുള്ള പരീക്ഷണം വിജയകരമായി പൂർത്തിയായി.
ദേവികുളത്തെ എച്ച്എംഎൽ കമ്പനിയുടെ കീഴിലുള്ള ലാക്കാട് എസ്റ്റേറ്റിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ നൂതന സംവിധാനം നടപ്പിലാക്കിയത്. നിലവിൽ 10 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോൺ ഉപയോഗിച്ചാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.
മലമുകളിലെ തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന കൊളുന്ത് സ്ത്രീത്തൊഴിലാളികൾ കിലോമീറ്ററുകളോളം ചുമന്ന് താഴെ എത്തിച്ച് കമ്പനി വാഹനങ്ങളിൽ കയറ്റി ഫാക്ടറികളിലേക്ക് അയക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഭാരമുള്ള ചുമകളുമായി കുത്തനെയുള്ള മലയിറങ്ങുന്നത് തൊഴിലാളികൾക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളും വലിയ തോതിൽ സമയനഷ്ടവും സൃഷ്ടിച്ചിരുന്നു.
ആദ്യഘട്ട പരീക്ഷണത്തിൽ 10 കിലോഗ്രാം കൊളുന്ത് അടങ്ങിയ ചാക്ക് 100 മുതൽ 300 അടി വരെ ഉയരത്തിലും, 3 കിലോമീറ്റർ ദൂരത്തിലുമുള്ള തോട്ടങ്ങളിൽനിന്ന് താഴെ എത്തിക്കാൻ സാധിച്ചു.
ഭാവിയിൽ 50 മുതൽ 100 കിലോഗ്രാം വരെ ഭാരം വഹിച്ച് പറക്കാൻ കഴിയുന്ന വലിയ ഡ്രോണുകൾ എത്തിക്കാനാണ് കമ്പനി അധികൃതർ ലക്ഷ്യമിടുന്നത്. ഇതുവഴി തേയിലക്കൊളുന്ത് റോഡ് സൗകര്യമുള്ള സ്ഥലങ്ങളിലേക്ക് അതിവേഗം എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരീക്ഷണ പദ്ധതി ലാഭകരമെന്ന് കണ്ടാല് തേയില സമാഹരണത്തിനായി സ്ഥിരമായി ഡ്രോൺ സംവിധാനം ഏർപ്പെടുത്താനാണ് മാനേജ്മെന്റിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

