വംശനാശഭീഷണി നേരിടുന്നതും വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്നതുമായ ‘യൂറേഷ്യൻ ട്രീ ഔൾ’ വർഗ്ഗത്തിൽപ്പെട്ട മൂങ്ങകളെ കുവൈത്തിൽ കണ്ടെത്തിയതായി പരിസ്ഥിതി പൊതു അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു.
ദേശാടനത്തിന്റെ ഭാഗമായി വിശ്രമിക്കാനാണ് ഇവ രാജ്യത്ത് എത്തുന്നതെന്നും, ഇത്തരം പക്ഷികളെ ഉപദ്രവിക്കാനോ പിടികൂടാനോ പാടില്ലെന്നും പൊതുജനങ്ങൾക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർഷത്തിൽ രണ്ടുതവണയാണ് ഈ അപൂർവ്വയിനം മൂങ്ങകൾ കുവൈത്തിൽ എത്തുന്നത്.
ആദ്യഘട്ടമായി സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലും, തുടർന്ന് മാർച്ച്-ഏപ്രിൽ മാസങ്ങളിലുമാണ് ഇവയുടെ സാന്നിധ്യം ഇവിടെ കാണപ്പെടാറുള്ളത്. താഴ്ന്നു പറക്കുന്ന സ്വഭാവമുള്ളതിനാൽ പൊതു പാർക്കുകൾ, പാർപ്പിട
മേഖലകൾ, വീടുകൾക്ക് സമീപമുള്ള മരങ്ങൾ എന്നിവടങ്ങളിൽ ഇവയെ സാധാരണയായി കണ്ടുവരാറുണ്ട്. രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം വന്യജീവികളെയും പക്ഷികളെയും വേട്ടയാടുന്നതും ഉപദ്രവിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്.
പരിക്കേറ്റ നിലയിലുള്ള വന്യജീവികളെ കണ്ടെത്തുകയാണെങ്കിൽ 157 എന്ന ഹോട്ട്ലൈൻ നമ്പറിലോ അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ വിവരം ഉടൻ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ മരക്കൊമ്പുകളെ തടസ്സമില്ലാതെ അനുകരിക്കാനുള്ള അസാധാരണ കഴിവും പ്രതിരോധ തന്ത്രവുമാണ് ഈ മൂങ്ങയുടെ പ്രധാന സവിശേഷത.
മരത്തോലിന് സമാനമായ ചാരനിറവും തവിട്ടുനിറവും കലർന്ന രൂപഘടനയാണ് ഇതിന്റെ ചിറകുകൾക്കുള്ളത്. ശത്രുക്കളെയോ മറ്റ് മൃഗങ്ങളെയോ കാണുമ്പോൾ ശരീരം പൂർണ്ണമായും നിവർത്തി പിടിച്ച് ഉണങ്ങിയ മരച്ചില്ല പോലെ സാവധാനം ഇളകി മരത്തിൽ ഒളിച്ചിരിക്കാൻ ഇവയ്ക്ക് സാധിക്കും.
ഈ അപൂർവ്വമായ പ്രതിരോധ തന്ത്രം വഴിയാണ് ഇവ ശത്രുക്കളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

