തൊടുപുഴ ∙ വെങ്ങല്ലൂർ – ഊന്നുകൽ റോഡിലെ അപകടാവസ്ഥയിലുള്ള കുഴികൾ അടയ്ക്കുന്നതിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. തുടർച്ചയായി നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
ബുധനാഴ്ച രാവിലെ ആരവല്ലിക്കാവ് ജംക്ഷനിലുണ്ടായ അപകടത്തിൽ മടക്കത്താനം കുന്നത്ത് വീട്ടിൽ രഘുവിന് ഗുരുതര പരുക്കേറ്റിരുന്നു. രാവിലെ നിർമാണ ജോലിക്കായി പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ ശ്രമിക്കവെ ഇരുചക്ര വാഹനം കുഴിയിൽ വീഴുകയായിരുന്നു.
ഇരു കാലുകൾക്കും പരുക്കേറ്റ ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. തൊടുപുഴയിൽ നിന്ന് അടിമാലി, മൂന്നാർ ഭാഗങ്ങളിലേക്ക് ദിനംപ്രതി നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
വളവുകളിൽ വെള്ളക്കെട്ട് നിറഞ്ഞു കിടക്കുന്നതിനാൽ റോഡിലെ കുഴികളുടെ യഥാർത്ഥ ആഴം യാത്രികർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. പല ഭാഗങ്ങളിലും അരയടി മുതൽ രണ്ട് അടി വരെ താഴ്ചയുണ്ട്.
ഇതുവഴി സർവീസ് നടത്തുന്ന ഭാരമേറിയ ബസുകളും ലോറികളും റോഡിലെ കുഴികൾ കാരണം വലിയ യാത്രാദുരിതമാണ് നേരിടുന്നത്. ബുധനാഴ്ച രഘു അപകടത്തിൽപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് ജനരോഷം ശക്തമായി.
ഇതിനിടെ, കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരിയുടെ മൊബൈൽ ഫോൺ റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് അത് വീണ്ടെടുക്കാൻ അഗ്നിരക്ഷാസേനയെത്തി വെള്ളം വറ്റിക്കേണ്ടി വന്ന സാഹചര്യവുമുണ്ടായി. തുടർച്ചയായി അപകടങ്ങൾ പതിവായതോടെ നാട്ടുകാർ കഴിഞ്ഞ 18-ാം തീയതി പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
മഴക്കാലം ആരംഭിച്ചതിനു ശേഷം മാത്രം കാൽനടയാത്രക്കാരും വാഹനയാത്രികരുമടക്കം ആറു പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് നഗരസഭാ കൗൺസിലർ വിജി സുരേഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകുന്നേരത്തോടെ അടിയന്തരമായി ടാറിങ് ജോലികൾ ആരംഭിക്കുകയും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ നിരവധിയാളുകളെ ഈ അപകടക്കെണിയിൽ നിന്നും രക്ഷപ്പെടുത്താമായിരുന്നു എന്നാണ് നാട്ടുകാരുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

