സ്കൂൾ വിദ്യാർത്ഥിക്കുനേരെ ആക്രമണമുണ്ടായതിന് പിന്നാലെ മറയൂർ പള്ളനാട് മേഖലയിൽ വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യം. വെള്ളിയാഴ്ച പുലർച്ചെ 5.40ന് ഷീലാ ജോർജിന്റെ വീട്ടുമുറ്റത്ത് എത്തിയ കാട്ടുപോത്ത് മുറ്റവും കമ്പിവേലിയും പൂർണ്ണമായി ചവിട്ടിനശിപ്പിച്ചു.
കഴിഞ്ഞദിവസം സ്കൂളിലേക്ക് പോകാൻ ഓട്ടോറിക്ഷ കാത്തുനിന്ന എട്ട് വയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു. വനംവകുപ്പും ആർആർടി സംഘവും പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കിയിട്ടും കാട്ടുപോത്ത് വീണ്ടും ജനവാസ മേഖലയിലെത്തിയത് നാട്ടുകാരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വർഷങ്ങളായി പള്ളനാട് മേഖലയിലിറങ്ങുന്ന അതേ കാട്ടുപോത്താണ് വീണ്ടും എത്തിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തൽ. അസാധാരണ വലിപ്പമുള്ള ഈ മൃഗം മുൻപും ഒട്ടേറെപ്പേരെ ആക്രമിച്ച് പരുക്കേൽപിക്കുകയും മരണങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
ജനങ്ങളെ ആക്രമിക്കുന്ന ഈ കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി മാറ്റണമെന്നും വനംവകുപ്പ് അടിയന്തരമായി സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രധാന ആവശ്യം. “കാട്ടുപോത്ത് പള്ളനാട് ഗ്രാമത്തിനുള്ളിൽ എത്തുന്നത് പുതിയ കാര്യമല്ല.
വർഷങ്ങളായി ഈ ദുരിതം അനുഭവിച്ചാണ് ഇവിടെ ജീവിക്കുന്നത്. മുൻപും കാട്ടുപോത്തിന്റെ ആക്രമണങ്ങളിൽ ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.
ഒരു മരണവും സംഭവിച്ചിട്ടുണ്ട്. വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് കാട്ടുപോത്തുകൾക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
മതിയായ ഫെൻസിങ് ഇല്ലാത്തതിനാൽ കൃഷിയിടങ്ങളിലൂടെയാണ് ഇവ ഇറങ്ങിവരുന്നത്. ഇന്നലെ പുലർച്ചെ എന്റെ മുറ്റത്ത് കാട്ടുപോത്ത് എത്തി.
പലതവണ വീടിന്റെ മുറ്റത്ത് കാട്ടുപോത്ത് കയറിയിട്ടുണ്ട്. വീടുകൾ തിങ്ങിനിറഞ്ഞ ഗ്രാമമാണ്.
ഇടുങ്ങിയ വഴികളാണ് കൂടുതലും. കാട്ടുപോത്ത് നേരെ വന്നാൽ മാറിനിൽക്കാൻ പോലും കഴിയില്ല,” എന്ന് ഷീല ജോർജ്, പള്ളനാട് വ്യക്തമാക്കി.
അതേസമയം, പീരുമേട് തോട്ടാപ്പുര ജനവാസ മേഖലയിൽ പ്രദേശവാസികളെ ആക്രമിക്കാൻ ശ്രമിച്ച കാട്ടുപോത്ത് തമ്പടിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി വനംവകുപ്പ് റിയൽ ടൈം മോണിറ്ററിങ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ 5 ദിവസമായി വനപാലകർ അന്വേഷിച്ചിട്ടും കാട്ടുപോത്ത് എവിടെയെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.
തുടർന്ന് വനംവകുപ്പ് സോളർ വേലി പുനഃസ്ഥാപിച്ചു. കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഈ നടപടി.
കോട്ടയം ഡിഎഫ്ഒ പ്രഫുൽ അഗർവാൾ തോട്ടാപ്പുര മേഖല സന്ദർശിച്ചു. മറയൂരിൽ വിദ്യാർത്ഥിക്കു നേരെയുണ്ടായ കാട്ടുപോത്ത് ആക്രമണം സങ്കടകരമാണെന്ന് എഫ്.രാജാ എംഎൽഎ പ്രതികരിച്ചു.
മറയൂർ, മൂന്നാർ മേഖലകളിൽ വർധിച്ചു വരുന്ന വന്യമൃഗശല്യം നിയന്ത്രിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും, ജനവാസ മേഖലകളിലെ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ ആവശ്യപ്പെട്ട് വനംമന്ത്രിക്ക് കത്ത് നൽകി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഉചിതമായ നടപടിയെടുക്കും.
എന്നാൽ കഴിഞ്ഞ ദിവസം സ്കൂളിൽ പോകാൻനിന്ന വിദ്യാർത്ഥിയെ ആക്രമിച്ചത് സ്ഥിരം ആക്രമണം നടത്തുന്ന കാട്ടുപോത്തല്ലെന്നാണ് മറയൂർ ഡിഎഫ്ഒ പി.ജെ.ഷുഹൈബ് വ്യക്തമാക്കുന്നത്. ജനവാസമേഖലയ്ക്കപ്പുറത്തുള്ള കൊക്കോ തോട്ടത്തിൽ സ്ഥിരമായി വരാറുള്ള പോത്താണിത്.
എന്നാൽ ഇത് ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ല. മൂന്ന് മാസം മുൻപ് റോഡ് ക്രോസ് ചെയ്ത് എത്തി സ്ഥലത്ത് പ്രശ്നമുണ്ടാക്കിയത് മറ്റൊരു പോത്താണ്.
അതിനെ വളരെ ദൂരത്തേക്ക് തുരത്തി ഓടിച്ചിരുന്നു. ദുരൈരാജിനെ 2022ൽ കുത്തിക്കൊലപ്പെടുത്തിയ പോത്തും മറ്റൊന്നാണ്.
പ്രദേശത്തേക്ക് കാട്ടുപോത്തുകളുടെ വരവ് അവസാനിപ്പിക്കാൻ മംഗളംപാറ മുതൽ പള്ളനാടിനപ്പുറം വരെ 5 കിലോമീറ്റർ ദൂരത്തിൽ മുള്ളുകമ്പി സ്ഥാപിക്കാനുള്ള വർക്ക് ടെൻഡർ ചെയ്തിട്ടുണ്ട്. 7 അടി ഉയരമുള്ള വേലിയായതിനാൽ ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാട്ടുപോത്തുകളുടെ ശല്യം തടയാനാകും.
കുട്ടിയെ ആക്രമിച്ച കാട്ടുപോത്തിനെ കൂടക്കാട് വനത്തിലേക്ക് തുരത്തിയോടിച്ചതായും വീണ്ടും കാണുകയാണെങ്കിൽ മയക്കുവെടിവച്ച് പ്രദേശത്തുനിന്നു മാറ്റാൻ തീരുമാനമായതായും ഡിഎഫ്ഒ അറിയിച്ചു. “വർഷങ്ങളായി ഈ കാട്ടുപോത്തിന്റെ ശല്യം അനുഭവിക്കുകയാണ്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഗ്രാമത്തിലിറങ്ങി കൃഷി നശിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. പലതവണ വനവകുപ്പിനെ അറിയിച്ചിട്ടും ഇടയ്ക്കിടെ നിരീക്ഷണം നടത്തുന്നതല്ലാതെ ശാശ്വത പരിഹാരത്തിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.
വിദ്യാർത്ഥിയെ കാട്ടുപോത്ത് ആക്രമിച്ചത് നേരിൽ കണ്ടതിന്റെ ഞെട്ടൽ മാഞ്ഞിട്ടില്ല. എന്റെ പലചരക്ക് കടയുടെ മുൻവശത്താണ് കുട്ടി ഓട്ടോ കാത്തുനിന്നിരുന്നത്.
പകൽസമയത്ത് പോലും പാഞ്ഞെത്തി ആക്രമിക്കുന്ന ഈ ഭീമൻ കാട്ടുപോത്താണ് പ്രദേശത്തെ ഏറ്റവും വലിയ ഭീഷണി. ഇതിനെ ഇവിടെനിന്ന് മാറ്റാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചാൽ മാത്രമേ സുരക്ഷിതമായി ജീവിക്കാൻ കഴിയൂ,” എന്ന് വിജയരാജ്, പള്ളനാട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

