2018 ലെ മഹാപ്രളയം സംബന്ധിച്ച് മുന്‍ വൈദ്യുതി മന്ത്രിയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ച സമയത്താണ് കൃഷ്ണന്‍കുട്ടിയുടേത് എന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നത്.
സ്വന്തം പാര്‍ട്ടിഅംഗവും മുന്‍മന്ത്രിയുമായ മാത്യു ടി. തോമസിനെ ലക്ഷ്യമിട്ടായിരുന്നു ഈ സംഭാഷണം.
തോട്ടപ്പിള്ളി സ്പില്‍വേയും പെരിങ്ങല്‍ക്കുത്ത് ഡാമും സമയത്തിനു തുറക്കാതിരുന്നത് കൈക്കൂലിക്കു വേണ്ടിയാണെന്നും ഇതാണു പ്രളയത്തിനു കാരണമായതെന്നും കൃഷ്ണന്‍കുട്ടി സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന ഒരംഗത്തോട് പറയുന്ന ശബ്ദരേഖ മാത്യു കുഴൽനാടന്റെ അടുത്ത് എത്തിച്ചത് ജനതാദൾ മുൻ നേതാവ് ആർ.എസ്. പ്രഭാത് ആയിരുന്നു.
ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ പ്രതികരണത്തിന്റെ പ്രസക്തമായ വിവരങ്ങൾ താഴെ പറയുന്നവയാണ്: അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട് ഉത്തരവിറങ്ങിയിട്ടുണ്ടെങ്കിലും നിലവിൽ ഒരു വെരിഫിക്കേഷനാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും വെരിഫിക്കേഷൻ കഴിഞ്ഞ ശേഷമാകും ഔദ്യോഗികമായി കേസ് റജിസ്റ്റർ ചെയ്യുകയെന്നും പ്രഭാത് വ്യക്തമാക്കി.
തനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുൻമന്ത്രി കൃഷ്ണൻകുട്ടിയുടെ അന്നത്തെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, അങ്ങനെയൊരു നിയമനടപടിയും ഇതുവരെയും അദ്ദേഹം സ്വീകരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പ്രളയത്തിൽ ഇത്രയും പേർ മരിക്കുമെന്ന് അറിവുണ്ടായിരുന്നെങ്കിൽ പാർട്ടിക്കാരോടല്ല അദ്ദേഹം പറയേണ്ടിയിരുന്നതെന്നും ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നും പ്രഭാത് കുറ്റപ്പെടുത്തി.
എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹം ഇക്കാര്യമറിഞ്ഞത്. ഇത് പുറംലോകത്തെ അറിയിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും കൃഷ്ണൻകുട്ടി അതൊന്നും ഉപയോഗിച്ചില്ല.
ഇത്രയും വിവരങ്ങൾ അറിഞ്ഞിട്ടും മന്ത്രിയായ ശേഷം അദ്ദേഹം ഇതേപ്പറ്റി അന്വേഷണം നടത്തിയില്ലെന്നും പ്രഭാത് ആരോപിച്ചു. മാത്യു ടി.
തോമസിനെ ബ്ലാക്ക്മെയിൽ ചെയ്താണു കൃഷ്ണൻകുട്ടി മന്ത്രിയായത് എന്നാണോ എന്ന ചോദ്യത്തിന്, തനിക്ക് മന്ത്രിസ്ഥാനം കിട്ടാൻ വേണ്ടിയും അതു നിലനിർത്താൻ വേണ്ടിയും ഇക്കാര്യങ്ങളെല്ലാം കൃഷ്ണൻകുട്ടി ഫയലായി സൂക്ഷിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മാത്യു ടി.
തോമസിനെ ഭീഷണിപ്പെടുത്തി രണ്ടാം പിണറായി മന്ത്രിസഭയിലും അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ ഇല്ലാതാക്കുകയാണുണ്ടായത്. മാത്യു ടി.
തോമസ് കരാറുകാർക്ക് അനുകൂലമായി നടപടിയെടുത്ത ശേഷവും, കൃഷ്ണൻകുട്ടി പറയുന്ന മേരി മാതാ കമ്പനി പാലക്കാടുള്ള കോടിക്കണക്കിനു രൂപയുടെ കരാറുകളാണ് പിന്നെയും ഏറ്റെടുത്ത് ചെയ്തിട്ടുള്ളത്. അതിനകത്ത് എന്തോ ഡീൽ നടന്നിട്ടുണ്ട്, ആ ഡീൽ പുറത്തുവരണം.
4 രൂപ 64 പൈസയ്ക്ക് വൈദ്യുതി വാങ്ങാൻ കഴിയുന്ന ഒരു കരാർ ആര്യാടൻ മുഹമ്മദിന്റെ കാലത്തുണ്ടായിരുന്നു. അതു റദ്ദാക്കിയത് കൃഷ്ണൻകുട്ടിയാണ്.
അന്നു വൈദ്യുതി ബോർഡ് മെംബറായിരുന്നത് മുരുകദാസാണ്. അന്നത്തെ മുഖ്യമന്ത്രി കൂടി അറിഞ്ഞുള്ള അഴിമതിയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഭവങ്ങൾക്കു ശേഷം മാത്യു ടി. തോമസോ കൃഷ്ണൻകുട്ടിയോ തന്നെ ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്, തന്നെ ബന്ധപ്പെട്ടിട്ട് ഒന്നും നേടാൻ കഴിയില്ലെന്ന് അവർക്കു പണ്ടേ അറിയാം എന്ന് പ്രഭാത് മറുപടി നൽകി.
ദേവെഗൗഡ ബിജെപിയുമായി സഖ്യമുണ്ടാക്കിയ സമയത്ത് താൻ സി.കെ. നാണുവിനൊപ്പമായിരുന്നു.
അന്ന് പദവികൾ വാഗ്ദാനം ചെയ്ത് കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും തന്നെ ബന്ധപ്പെട്ടിരുന്നുവെങ്കിലും അവരുടെകൊപ്പം പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്യു കുഴൽനാടിലേക്ക് ഈ ശബ്ദരേഖ എത്തിപ്പെട്ടതിനെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, താൻ ജനതാദളിനു പുറത്തുനിന്ന് പോരാടുന്ന ഒരാളാണെന്നും ഇന്ത്യ മുന്നണിയുമായി സഹകരിച്ചു നിൽക്കുന്നയാൾ എന്ന നിലയിൽ കോൺഗ്രസുകാരുമായി തനിക്ക് ബന്ധമുണ്ടെന്നും പറഞ്ഞു. ഇവരുടെ പാർട്ടി ഇത്തവണ മത്സരിച്ച രണ്ടു മണ്ഡലങ്ങൾ തിരുവല്ലയും ചിറ്റൂരുമായിരുന്നു.
ആ രണ്ട് മണ്ഡലങ്ങളിലെ യുഡിഎഫുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുമായി താൻ സംസാരിച്ചിരുന്നു. അവതരിപ്പിക്കുന്ന വിഷയങ്ങളിൽ ഉറച്ചുനിൽക്കുകയും അതിനെ ആരെങ്കിലും എതിർത്താലും പിന്മാറാതെ നിൽക്കുകയും ചെയ്യുന്ന നേതാവാണ് മാത്യു കുഴൽനാടൻ.
അദ്ദേഹം ഈ വിഷയം അവതരിപ്പിച്ചാൽ ഉറച്ചുനിൽക്കും എന്ന ബോധ്യമുള്ളതു കൊണ്ടാണ് താൻ അദ്ദേഹത്തിന്റെ അടുത്തേക്കു പോയതെന്നും അത് സുമേഷ് അച്യുതൻ വഴിയാണ് നടന്നതെന്നും പ്രഭാത് വ്യക്തമാക്കി. സുമേഷിനോട് ആ പേര് നിർദ്ദേശിച്ചതും താൻ തന്നെയാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് നേരത്തേ ഉറപ്പു ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന്, തീർച്ചയായും ലഭിച്ചിരുന്നുവെന്നും ഇത് കേരള ജനതയെ ബാധിച്ചൊരു വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം താൻ അദ്ദേഹത്തെ കണ്ടു സംസാരിച്ചിരുന്നുവെന്നും അതിനു മുൻപും ഈ വിഷയം സംസാരിച്ചിരുന്നുവെന്നും പ്രഭാത് വ്യക്തമാക്കി.
ഈ വിഷയം അവതരിപ്പിക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നെങ്കിലും ആ സമയം ഈ ശബ്ദരേഖ തന്റെ പക്കൽ ഉണ്ടായിരുന്നില്ല. തനിക്ക് അത് കിട്ടാൻ അൽപം വൈകി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ് ശബ്ദരേഖ ലഭിക്കുന്നത്. അപ്പോഴേക്കും പ്രതിപക്ഷ നേതാവായിരുന്ന സതീശൻ തിരക്കിലായിപ്പോയതിനാൽ അദ്ദേഹത്തെ ഫോണിൽ ലഭ്യമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഏതു രാഷ്ട്രീയപാർട്ടിക്കൊപ്പമാണ് എന്ന ചോദ്യത്തിന്, താൻ സമാജ് വാദി പാർട്ടിയിലാണെന്നും കേരളത്തിൽ യുഡിഎഫുമായാണ് സഹകരിച്ചു നീങ്ങുന്നതെന്നും വ്യക്തമാക്കി പ്രഭാത് അവസാനിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

