കേരളത്തിലെ റേഷൻ വ്യാപാരം കുടുംബക്കുത്തകയായി മാറുന്നതായി വ്യാപക പരാതി. വിവിധ ജില്ലകളിൽ ഒരേ ലൈസൻസി തന്നെ ഒന്നിലധികം റേഷൻ കടകൾ നടത്തിവരുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം.
മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ പേരിലുൾപ്പെടെ ഒരു കുടുംബത്തിൽ മൂന്നു റേഷൻ കടകൾ വരെ പ്രവർത്തിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രം പൊതുവിതരണ വകുപ്പിന്റെ പോർട്ടൽ രേഖകൾ പ്രകാരം 61 പേരാണ് രണ്ട് റേഷൻ കടകൾ വീതം നടത്തിവരുന്നത്.
ജില്ലയിൽ ആകെ 783 റേഷൻ കടകൾ ഉള്ളപ്പോൾ ആകെ ലൈസൻസികളുടെ എണ്ണം 722 മാത്രമാണ്. റാന്നി താലൂക്കിലാണ് ഒരേ ലൈസൻസി രണ്ട് കടകൾ വീതം നടത്തുന്ന പ്രവണത ഏറ്റവും കൂടുതൽ ഉള്ളത്.
ഇവിടുത്തെ 117 കടകളിൽ 15 എണ്ണത്തിലും ഒരേ ലൈസൻസികൾ തന്നെയാണ് പൊതുവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ രണ്ട് സഹോദരങ്ങൾ ചേർന്ന് ഇവിടെ മൂന്ന് കടകളും നടത്തുന്നുണ്ട്.
മല്ലപ്പള്ളി താലൂക്കിൽ ആകെയുള്ള 88 റേഷൻ കടകളിൽ ഒരു വ്യക്തി തന്നെ മൂന്ന് റേഷൻ കടകൾ നടത്തുന്നതായും രേഖകൾ ചൂണ്ടിക്കാണിക്കുന്നു. ഇതു കൂടാതെ 6 പേർക്ക് രണ്ട് കടകളുടെ ലൈസൻസുമുണ്ട്.
കോഴഞ്ചേരി താലൂക്കിലെ 137 റേഷൻ കടകളിൽ 10 പേർ ചേർന്ന് 20 കടകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. അടൂർ താലൂക്കിലെ 167 റേഷൻ കടകളിൽ 17 പേരാണ് രണ്ട് കടകൾ വീതം നോക്കിനടത്തുന്നത്.
കോന്നിയിൽ ആകെയുള്ള 142 റേഷൻ കടകളിൽ രണ്ടെണ്ണം മാത്രമാണ് ഒരേ ലൈസൻസി കൈകാര്യം ചെയ്യുന്നത്. ഇവിടെ മൂന്ന് കടകൾ സഹോദരങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്.
തിരുവല്ല താലൂക്കിൽ 132 കടകൾ ഉള്ളതിൽ 11 എണ്ണത്തിൽ ഒരു വ്യക്തി തന്നെ രണ്ട് കടകൾ വീതം നടത്തുന്നുണ്ട്. ഈ താലൂക്കിൽ രണ്ട് പേർ മൂന്ന് റേഷൻ കടകൾ വീതവും, ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾ ചേർന്ന് മൂന്ന് റേഷൻ കടകളും നടത്തുന്നുണ്ടെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

