പുതിയ റോഡ് നിർമ്മാണം പൂർത്തിയായപ്പോൾ പുറത്തേക്കിറങ്ങാൻ പോലും വഴിയില്ലാതെ വീട്ടുതടങ്കലിലായി ഒരു കുടുംബം. കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്ത് 18-ാം വാർഡ് എരുമത്തല തകിടിക്കുന്നേൽ പ്രമീളയും കുടുംബവുമാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിലാണ് എരുമത്തലയിൽ നിന്ന് കാഞ്ഞിരപ്പാറയിലേക്കുള്ള ഉപറോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ വശത്ത് അഞ്ചടിയോളം താഴ്ചയിലാണ് പ്രമീളയുടെ വീട് സ്ഥിതി ചെയ്യുന്നത്.
എന്നാൽ റോഡ് നിർമാണത്തോടൊപ്പം വീടിന് മുന്നിലായി മൂന്നര അടിയോളം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി കൂടി കെട്ടിയുയർത്തിയതോടെ ഇവിടേക്കുള്ള വഴി പൂർണമായും അടയുകയായിരുന്നു. റോഡിലേക്ക് കയറിപ്പോകാൻ ഒരു പടിക്കെട്ട് പോലും അധികൃതർ നിർമിച്ചിട്ടില്ല.
വഴി മണ്ണിട്ടുയർത്താനായി രണ്ടു വശത്തും കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിനും മുകളിലാണ് ഈ കോൺക്രീറ്റ് ഭിത്തി വന്നിരിക്കുന്നത്. വിധവയായ പ്രമീള നെടുംകുന്നത്ത് വഴിയരികിൽ ലോട്ടറി വിറ്റാണ് കുടുംബം പുലർത്തുന്നത്.
വിവിധ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രമീളയ്ക്ക് ഇപ്പോൾ പ്രധാന റോഡിൽ എത്തണമെങ്കിൽ അയൽപക്കത്തെ പുരയിടത്തിലെ കൈതക്കാട് താണ്ടേണ്ട ഗതികേടാണ് ഉള്ളത്.
ഡിഗ്രി വിദ്യാർഥിനിയായ മകൾ അമ്മുവും ബെംഗളൂരുവിലുള്ള ഡ്രൈവറായ മകനും അടങ്ങുന്നതാണ് ഈ കുടുംബം. ഈ പ്രശ്നപരിഹാരം തേടി പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിൽ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു.
“നിർമാണ സമയത്തു തന്നെ ഞങ്ങൾ പ്രശ്നം ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ വാർഡംഗമോ കരാറുകാരനോ ഞങ്ങളുടെ വാക്ക് കേൾക്കാൻ കൂട്ടാക്കിയില്ല.
ഒരു പടിക്കെട്ടെങ്കിലും കെട്ടിത്തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് റോഡിലേക്ക് കയറാമായിരുന്നു,” എന്ന് പ്രമീളയും മകൾ അമ്മുവും കണ്ണീരോടെ പറയുന്നു. അതേസമയം, ഫണ്ട് ഇല്ലാത്തതിനാൽ നിലവിൽ റോഡ് നിർമാണം നിർത്തിവച്ചിരിക്കുകയാണ് എന്നാണ് വിശദീകരണം.
ചെയ്ത ജോലിയുടെ പണം കരാറുകാരന് ഇതുവരെ ലഭിച്ചിട്ടില്ല. പുതിയ ജില്ലാ ആസൂത്രണ സമിതി രൂപീകരിച്ചാൽ മാത്രമേ റോഡ് നിർമാണത്തിനുള്ള ഫണ്ടിന് അനുമതി ലഭിക്കൂ എന്നും, നിർമാണം പുനരാരംഭിക്കുമ്പോൾ പ്രമീളയുടെ വീട്ടിലേക്കുള്ള വഴി നിർമിച്ചു നൽകുമെന്നും വാർഡംഗം പി.ജെ.ശോശാമ്മ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

