ആലപ്പുഴ ഗുരുപുരം മരിയംവെളി കാക്കാലംപറമ്പ് അഖിലിന്റെ കൊലപാതകം പ്രതിക്ക് മറ്റൊരു കേസിൽ ഒളിത്താവളം ഒരുക്കി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നെന്ന് പൊലീസ് വ്യക്തമാക്കി. ഓച്ചിറ, ആദിക്കാട്ടുകുളങ്ങര സ്വദേശികളായ രണ്ടുപേരാണു പ്രതികളെന്നും ഇവർ ട്രെയിനിൽ തൃശൂരിലേക്കു കടന്നതായും പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട അഖിലും പ്രതികളും സുഹൃത്തുക്കളായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് പ്രതികളിലൊരാളായ ഷെൽജാദ് ആലുവയിൽ വച്ച് അടിപിടിക്കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ കഴിയാൻ സൗകര്യം നൽകണമെന്ന് അഖിലിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിക്കുകയുണ്ടായി. ഇതിന്റെ വിരോധത്തെ തുടർന്ന് ബാറിൽ വച്ച് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതിനു പിന്നാലെ പ്രതികൾ അഖിലിനെ ഫോണിൽ വിളിക്കുകയും വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം പിന്നാലെയെത്തി കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷിയായ അഖിലിന്റെ സുഹൃത്തിൽ നിന്നു പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഓട്ടോറിക്ഷയിലാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവർക്കു കൂലി നൽകിയതു യുപിഐ വഴിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ ട്രെയിനിൽ കയറി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കുന്നംകുളത്തുവച്ചു ടവർ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്നു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി ഡിവൈഎസ്പി ജി.ബി.മുകേഷ് അറിയിച്ചു.
തൃശൂരിലെ ലോഡ്ജുകളിലും മറ്റും പൊലീസ് പരിശോധന നടത്തിവരികയാണ്. നോർത്ത് സിഐ എം.ജെ.അരുണിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
അഖിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ടു വീട്ടുവളപ്പിൽ സംസ്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

