കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ് പുറത്തിറക്കിയ ഗ്രാഫിക് കാർഡിനെതിരെ പരിസ്ഥിതി പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത്.
സമരത്തിന് നേതൃത്വം നൽകിയ സിജെപിയെ കുറിച്ച് പോസ്റ്ററിൽ പരാമർശിക്കാത്തത് മര്യാദകേടാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. “എവരി എംപയർ ഫാൾസ് ഇവൻച്വലി, ഇങ്ങനെ ഒന്ന് തുനിഞ്ഞിറങ്ങിയാൽ മുട്ടുമടക്കാതെ പിന്നെ എങ്ങനെ” എന്ന പോസ്റ്ററുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
എന്നാൽ സിജെപിയുടെ നിർണായക റോൾ ഒരു വാക്കുകൊണ്ടുപോലും അംഗീകരിക്കാത്തത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂവെന്ന് അഡ്വ. ഹരീഷ് വാസുദേവൻ വ്യക്തമാക്കി.
പ്രതിപക്ഷ നിരയ്ക്ക് പോലും യുവാക്കളെ ഇളക്കാൻ കഴിയാതിരുന്ന വിഷയം രാജ്യത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും, ലക്ഷക്കണക്കിന് യുവാക്കളെ ഡൽഹിയിൽ അണിനിരത്തി സർക്കാരിനെ മുട്ടുമടക്കിപ്പിക്കുകയും ചെയ്തത് സിജെപിയാണ്. അവഗണിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും സമരത്തെ പിന്തുണച്ചതെന്നും, കോൺഗ്രസിനെക്കാൾ യുവാക്കളെ സ്വാധീനിക്കാൻ അഭിജിത്ത് ദീപ്കേയ്ക്കും കൂട്ടർക്കും കഴിഞ്ഞുവെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ധർമ്മേന്ദ്ര പ്രധാന്റെ രാജിയോടെ തങ്ങളുടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ അറിയിച്ചു. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചയിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്.
സമരക്കാർക്കെതിരെ ദില്ലിയിലും പുറത്തും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ രേഖാമൂലമുള്ള ഉറപ്പ് ചൊവ്വാഴ്ച നൽകും.
ചട്ടങ്ങൾ പരിശോധിച്ച് പരമാവധി സഹായധനം നഷ്ടപരിഹാരമായി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കിയിട്ടുണ്ട്.
നാല് ആഴ്ചകൾക്ക് ശേഷം അടുത്ത ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിനെ തുടർന്നാണ് പ്രധാൻ രാജിവെക്കാതിരുന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ ഒടുവിൽ വഴങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

