നീതിപൂർവ്വകമല്ലാത്ത നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് ഉയർന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒടുവിൽ വിരാമം. സമരത്തിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജന്തർമന്തറിലെ സമരപ്പന്തൽ സി ജെ പി പ്രവർത്തകർ പൊളിച്ചുനീക്കി.
സമരത്തിന്റെ വിജയവും മന്ത്രിയുടെ രാജിയും കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് വോളന്റീർമാരുടെ നേതൃത്വത്തിൽ പന്തൽ പൊളിച്ചുമാറ്റിയത്. സമരത്തിൽ പങ്കെടുത്തവരും പ്രവർത്തകരും പരസ്പരം സന്തോഷം പങ്കിട്ടാണ് മടങ്ങിയത്.
മന്ത്രിയുടെ രാജിക്ക് പിന്നാലെ കേന്ദ്ര സർക്കാർ അതിവേഗ രാഷ്ട്രീയ നീക്കങ്ങളിലേക്ക് കടന്നു. പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ ഔദ്യോഗികമായി നിയമിച്ചു.
നിലവിലുള്ള കാബിനറ്റ് പദവികൾക്ക് പുറമെയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഈ നിയമനം അംഗീകരിച്ച് ഉത്തരവിറക്കുകയുണ്ടായി.
കർണാടകയിലെ ധാർവാഡിൽ നിന്നുള്ള ലോക്സഭാാംഗമായ പ്രൾഹാദ് ജോഷി, നിലവിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെയും നവ-പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെയും ചുമതലകൾ വഹിച്ചുവരികയാണ്. പ്രതിപക്ഷ പാർട്ടികളും സി ജെ പിയും രാജ്യവ്യാപകമായി നടത്തിയ കടുത്ത സമരമുറകളെത്തുടർന്നാണ് ധർമേന്ദ്ര പ്രധാൻ ഇന്ന് ഉച്ചയോടെ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ടാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. തുടക്കത്തിൽ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നതെങ്കിലും, പ്രധാന്റെ രാജിയിൽ കുറഞ്ഞതൊന്നുമില്ല എന്ന ഉറച്ച നിലപാടിൽ സമരക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.
ഒടുവിൽ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്ര സർക്കാർ തീരുമാനമാവുകയും, ഉച്ചയോടെ മന്ത്രി തൽസ്ഥാനത്ത് നിന്നും പടിയിറങ്ങാൻ തയ്യാറാവുകയുമായിരുന്നു. പ്രധാനമന്ത്രിയുടെ ശുപാർശപ്രകാരം രാഷ്ട്രപതി രാജി ഔദ്യോഗികമായി സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

