വ്യക്തിഗത ആദായ നികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി അടുത്തുവരുന്നു. നിലവിലെ കണക്കുകൾ പ്രകാരം നികുതിദായകർക്ക് മുന്നിൽ ഇനി 6 ദിവസം മാത്രമാണ് ബാക്കിയുള്ളത്.
ഐടിആർ–1, ഐടിആർ–2 ഫോമുകൾ വഴി റിട്ടേൺ സമർപ്പിക്കേണ്ടവർക്കുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കും. എന്നാൽ, തീയതി നീട്ടിനൽകുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
കൃത്യസമയത്ത് റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ഡിസംബർ 31 വരെ അവസരമുണ്ടെങ്കിലും, ആദായ നികുതി നിയമത്തിലെ 243 എഫ് വകുപ്പ് പ്രകാരം ലേറ്റ് ഫീ നൽകേണ്ടി വരും. ഇതിൽ വാർഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർക്ക് 5,000 രൂപയും, 5 ലക്ഷത്തിൽ താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴയായി ഈടാക്കുക.
ആദ്യം ഫയൽ ചെയ്ത റിട്ടേണുകളിൽ തിരുത്തലുകൾ വരുത്തി റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് 2027 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. എങ്കിലും, ഡിസംബർ 31-ന് ശേഷം റിവൈസ്ഡ് റിട്ടേൺ നൽകുകയാണെങ്കിൽ ആദായ നികുതി നിയമത്തിലെ 234 ഐ വകുപ്പ് പ്രകാരം പിഴ ബാധകമാകും.
വരുമാനത്തിന്റെ അളവ് കണക്കാക്കി 1,000 രൂപ മുതൽ 5,000 രൂപ വരെയാണ് ഇതിനായി പിഴ നൽകേണ്ടത്. അതേസമയം, നികുതി ഓഡിറ്റ് ആവശ്യമില്ലാത്ത ഐടിആർ–3, ഐടിആർ–4 ഫോമുകൾ വഴി റിട്ടേൺ ഫയൽ ചെയ്യുന്നവർക്കുള്ള അവസാന തീയതി വരുന്ന ഓഗസ്റ്റ് 31 ആണ്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ കൃത്യത പാലിച്ചില്ലെങ്കിൽ കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് ആദായ നികുതി വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരുമാനവിവരങ്ങൾ തെറ്റായോ കുറച്ചോ കാണിച്ചാൽ ആദായ നികുതി നിയമത്തിലെ 270എ വകുപ്പ് പ്രകാരം അധികൃതർക്ക് പിഴ ചുമത്താം.
ബാധകമായ നികുതി തുകയുടെ 50 ശതമാനം മുതൽ 200 ശതമാനം വരെയാണ് ഇത്തരത്തിൽ പിഴ ഈടാക്കുന്നത്. കൂടാതെ, ചട്ടങ്ങൾ ലംഘിച്ച് ഏതെങ്കിലും വ്യക്തി 2 ലക്ഷം രൂപയോ അതിൽ കൂടുതലോ കറൻസി രൂപത്തിൽ ഇടപാടുകൾ വഴി സ്വീകരിച്ചാൽ 269എസ്ടി, 271ഡിഎ വകുപ്പുകൾ പ്രകാരം പിഴ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

