അയർക്കുന്നം മറ്റപ്പള്ളി ചിറപ്പുറത്ത് കുടുംബത്തിലെ നാല് അംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു.
നിലവിൽ അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചു വരുന്നത്. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന (43), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവർ വിവിധ ദിവസങ്ങളിലായാണ് മരണപ്പെട്ടത്.
ഈ മാസം 13-ാം തീയതിയായിരുന്നു കളനാശിനി കഴിച്ച് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അലൻ ഒഴികെയുള്ള മൂന്ന് പേർ മരണമൊഴിയിൽ നൽകിയ പരസ്പരവിരുദ്ധമായ വിവരങ്ങളും സങ്കീർണ്ണമായ സാമ്പത്തിക ഇടപാടുകളുമാണ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ കാരണം. വിഷം ശരീരത്തിൽ എത്തിയത് എങ്ങനെയെന്ന കാര്യത്തിൽ മൂവരും വ്യത്യസ്തമായ മൊഴികളാണ് നൽകിയിരുന്നത്.
ഇളയ മകൻ അലന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ ഡോക്ടർമാർ അനുമതി നൽകിയിരുന്നില്ല. ജോസ്ന ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട
സാമ്പത്തിക തർലങ്ങളാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജോസ്നയുടേത് എന്ന് സംശയിക്കുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
ജോസ്നയ്ക്ക് വിവിധ ബാങ്കുകളിലായി അഞ്ച് അക്കൗണ്ടുകൾ ഉണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ അക്കൗണ്ടുകളിലെ പണമിടപാടുകൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
അക്കൗണ്ടുകൾ വഴി പണം കൈമാറിയ വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബാങ്ക് അക്കൗണ്ടുകൾക്ക് പുറമെ ചെക്കുകൾ ഉപയോഗിച്ചാണ് വലിയ തുകകൾ പിൻവലിച്ചിട്ടുള്ളത്.
കൂടാതെ, കഴിഞ്ഞ കാലയളവിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ സ്വർണപ്പണയ വായ്പയും ജോസ്ന എടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വീടുകളിൽ നടത്തിയ പരിശോധനകളിൽ ആഡംബര വസ്തുക്കളോ വിലപിടിപ്പുള്ള ആഭരണങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ചിട്ടികളുടെ പേരിൽ പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ ജോസ്ന വാങ്ങിയിരുന്നതായി ആക്ഷേപങ്ങളുണ്ടെങ്കിലും, ഈ തുകയെല്ലാം എന്ത് ആവശ്യത്തിനാണ് ചെലവഴിച്ചതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

