സംസ്ഥാനത്ത് ഓർഡിനറി ബസ് ക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി, വിവിധ ഡിപ്പോകളിൽ കട്ടപ്പുറത്തിരിക്കുന്ന 100 ഓർഡിനറി ബസുകൾ അടിയന്തരമായി നവീകരിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ബസുകളുടെ നവീകരണം പൂർത്തിയാക്കാനാണ് കർശന നിർദേശം നൽകിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട നവീകരിക്കേണ്ട
ബസുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ പട്ടിക സെൻട്രൽ, റീജനൽ വർക്ഷോപ് അധികൃതർക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്ഷോപ്, മാവേലിക്കര, ആലുവ, എടപ്പാൾ, കോഴിക്കോട് എന്നീ റീജനൽ വർക്ഷോപ്പുകൾ കേന്ദ്രീകരിച്ചായിരിക്കും നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
അറ്റകുറ്റപ്പണികൾ മാത്രം ആവശ്യമുള്ള പഴയ ബസുകൾ റോഡിലിറക്കുന്നതിലൂടെ വലിയ സാമ്പത്തിക ലാഭമാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. പുതിയ ഒരു ഓർഡിനറി ബസ് വാങ്ങുന്നതിന് ഏകദേശം 35-40 ലക്ഷം രൂപ ചെലവ് വരുമ്പോൾ, നിലവിലുള്ള പഴയ ബസുകൾ പൂർണമായി നവീകരിക്കുന്നതിന് 3-5 ലക്ഷം രൂപ വരെ മാത്രമേ ചെലവാകൂ എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
സർക്കാരിന്റെ പ്രത്യേക പ്ലാൻ ഫണ്ടും, കോർപറേഷന്റെ തനതുഫണ്ടും സംയോജിപ്പിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വർക്ഷോപ്പുകളിൽ നിന്നും പുറത്തിറങ്ങുന്ന മുഴുവൻ ബസുകളും പ്രധാനമായും സർവീസുകൾ മുടങ്ങി കിടക്കുന്ന ഗ്രാമീണ, മലയോര മേഖലകളിലെ ഓർഡിനറി റൂട്ടുകളിലേക്കായിരിക്കും സർവീസിനായി വിന്യസിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

