റഷ്യൻ സമുദ്രമേഖലയായ കരിങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളിൽ മലയാളിയടക്കം ഇന്ത്യൻ പൗരന്മാർക്ക് ദാരുണാന്ത്യം. അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയിട്ടുണ്ട്.
ജൂലൈ 18-ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എംവി ഒമോർഫി’ എന്ന കപ്പലിന് നേരെയാണ് ആദ്യ ആക്രമണമുണ്ടായത്. ആകെ 10 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ മൂന്ന് പേർ ഇന്ത്യക്കാരായിരുന്നു.
ഇതിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയായിരുന്നു. മറ്റ് ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
തുടർന്ന് ജൂലൈ 19-ന് യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം ‘എംവി ഗോൾഡൻ ലിയോ’ എന്ന ചരക്കു കപ്പലിന് നേരെ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർക്കാണ് ജീവൻ നഷ്ടമായത്. ഗിനി-ബിസാവു പതാകയേന്തിയ ഈ കപ്പൽ ഒഡേസ തുറമുഖത്തുനിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
യുക്രൈനിൽ നിന്ന് ചോളം കയറ്റി അയക്കുകയായിരുന്ന കപ്പലിൽ ആകെയുണ്ടായിരുന്ന 10 ജീവനക്കാരും കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർകോട് സ്വദേശി അഖിൽ ജോയൻ (26) ഉൾപ്പെടുന്നു.
കഴിഞ്ഞ ആറു വർഷമായി ഈ കപ്പലിൽ നാവികനായി ജോലി ചെയ്തുവരികയായിരുന്ന അഖിൽ, ഉടൻ തന്നെ ജോലി മാറി മറ്റൊരു സ്ഥാപനത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പതിനാറാം വയസ്സിൽ പഠനം പൂർത്തിയാക്കി 19-ാം വയസ്സിലാണ് അഖിൽ മർച്ചന്റ് നേവിയിൽ ചേർന്നത്.
വിവാഹനിശ്ചയത്തിനായി മൂന്ന് മാസം മുൻപാണ് അഖിൽ അവസാനമായി നാട്ടിലെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസം മുൻപാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് ഈ ദുരന്ത വാർത്ത തേടിയെത്തിയത്. അഖിലിന് പുറമെ മറ്റ് മൂന്ന് ഇന്ത്യക്കാരും സിറിയയിൽ നിന്നുള്ള അഞ്ച് നാവികരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന എട്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കരിങ്കടലിൽ ഇത്തരം ആക്രമണങ്ങൾ തുടരുന്നത്.
ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സ്വതന്ത്ര സമുദ്രസഞ്ചാരത്തിനും ആഗോള വ്യാപാരത്തിനും നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
സമുദ്രയാത്രകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള വ്യാപാരം തടസ്സരഹിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

