രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രതിഷേധത്തിനിടയിൽ നടന്ന ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ച് ഖുശ്ബൂ എന്ന യുവതി രംഗത്ത്. പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ആർത്തവമുണ്ടാവുകയും വസ്ത്രത്തിൽ ചോരക്കറയാവുകയും ചെയ്ത നിർണായക നിമിഷത്തിൽ തന്നെ സഹായിക്കാൻ മുന്നോട്ടുവന്ന അപരിചിതരായ യുവാക്കളെക്കുറിച്ചാണ് യുവതി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
“എനിക്ക് അപ്രതീക്ഷിതമായി പിരിയഡ്സായി, വസ്ത്രങ്ങളിൽ ചോരക്കറയായി അതാകെ ചീത്തയാവുകയും ചെയ്തു. ആ നിർണായക നിമിഷത്തിൽ എന്നെ സഹായിക്കാൻ മുന്നോട്ടുവന്നവരോട് ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു” എന്ന് ഖുശ്ബൂ കുറിച്ചു.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ, പ്രതിഷേധത്തിനിടയിൽ ഒരു യുവാവ് തന്റെ ബാഗിൽ നിന്ന് സാനിറ്ററി പാഡ് എടുത്ത് യുവതിക്ക് നൽകുന്നത് ദൃശ്യമാണ്. തനിക്ക് അടിയന്തര സഹായം നൽകിയ യുവാവിനും ഒപ്പമുണ്ടായിരുന്ന മറ്റുളളവർക്കും യുവതി നന്ദി അറിയിച്ചു.
“പ്രതിഷേധത്തിനിടയിൽ എനിക്ക് ആർത്തവമുണ്ടായപ്പോൾ കുറച്ചു യുവാക്കളും ഒരു പെൺകുട്ടിയും ചേർന്നാണ് എന്നെ സഹായിച്ചത്. പ്രധാനമായും അതിലൊരു യുവാവാണ് മുന്നിൽ നിന്നത്.
അവർ എന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് കൊണ്ടുപോവുകയും വൃത്തിയാക്കാൻ ടിഷ്യൂ പേപ്പറും സാനിറ്ററി പാഡും നൽകുകയും ചെയ്തു. എല്ലാവർക്കും ഒത്തിരി നന്ദി” എന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
യുവതി പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. യുവതിക്ക് അടിയന്തര സഹായം നൽകാനെത്തിയ യുവാക്കളുടെ മാതൃകാപരമായ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ആർത്തവം സ്വാഭാവികമായ ഒരു കാര്യമാണെന്നും അത് തിരിച്ചറിഞ്ഞ് സഹായിക്കാൻ തയാറായ ഇന്നത്തെ യുവജനങ്ങളുടെ മനോഭാവത്തെ ആളുകൾ അഭിനന്ദിച്ചു. യുവതിയെ സഹായിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളും പോസ്റ്റിന് താഴെ “നിങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷം” എന്ന് കുറിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

