സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളിലും സർവീസ് തടസ്സപ്പെടുത്താനുള്ള നീക്കങ്ങളിലും കർശന നിലപാടുമായി മാനേജ്മെന്റ് രംഗത്ത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.
ഇന്നലെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസിലെ ജീവനക്കാർ കെ എസ് ആർ ടി സി ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. തുടർന്ന് ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് പ്രതികൾ തകർക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ഉടൻ തന്നെ വൈക്കം പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിന് ഇരയായ കെ എസ് ആർ ടി സി ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ PDPP ആക്ട് ഉൾപ്പെടെയുള്ള വിവിധ നിയമവ്യവസ്ഥകൾ പ്രകാരം വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ജൂലൈ 24ന് കൊല്ലം യൂണിറ്റിന്റെ കൊല്ലം -പത്തനംതിട്ട സർവീസിനിടയിൽ ഭരണിക്കാവിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കെ എസ് ആർ ടി സി ഡ്രൈവറായ എസ് രാജീവിനെ ക്രൂരമായി മർദ്ദിക്കുകയുണ്ടായി.
ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ സംഭവത്തിലും പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ജീവനക്കാർക്കും പൊതുമുതലിനും എതിരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് കെ എസ് ആർ ടി സി കാണുന്നത്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് വകുപ്പുമായി ചേർന്ന് ഏകോപിതമായ നടപടികൾ പുരോഗമിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
പൊതുഗതാഗത സേവനങ്ങളെ തടസ്സപ്പെടുത്തുകയോ പൊതുമുതൽ നശിപ്പിക്കുകയോ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കും. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.
പൊതുജനങ്ങളും യാത്രക്കാരും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഹകരിക്കണമെന്ന് കെ.എസ്.ആർ.ടി.സി അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

