കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാത്തതിനെ തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന എഡ്യുടെക് കമ്പനിയായ ബൈജൂസിന് താൽക്കാലിക ആശ്വാസം. പാപ്പരത്ത നടപടികളുടെ ഭാഗമായി ബൈജൂസിന്റെ ആസ്തികൾ ലേലം ചെയ്യുന്നത് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അടുത്തവാദം കേൾക്കുന്ന ഓഗസ്റ്റ് 31 വരെ മരവിപ്പിച്ചു.
മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഈ കമ്പനിയുടെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന്റെ സ്വത്ത് ലേലം ചെയ്യുന്നതിനാണ് ഇപ്പോൾ സ്റ്റേ അനുവദിച്ചിരിക്കുന്നത്. യുഎസ് വായ്പാദാതാക്കളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ബൈജൂസ് പാപ്പരത്ത നടപടികളിൽ അകപ്പെട്ടത്.
11,433 കോടി രൂപ ആവശ്യപ്പെട്ടാണ് യുഎസ് കമ്പനികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഈ തുക ശരിയാണോയെന്ന് കൃത്യമായി പരിശോധിക്കാതെ ലേല നടപടികളെടുക്കുന്നത് ശരിയല്ലെന്നും അത് നിർത്തിവയ്ക്കണമെന്നും ബൈജൂസ് ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതു പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്. എന്നാൽ, ലേലം മാത്രമാണ് സ്റ്റേ ചെയ്യുന്നതെന്നും പാപ്പരത്ത നടപടി റദ്ദാക്കില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വത്തുക്കളുടെ ലേല നടപടികൾ നിയന്ത്രിക്കുന്ന റസല്യൂഷൻ പ്രൊഫഷണലിനോടാണ് (ആർപി) ലേലം തൽക്കാലം നിർത്തിവയ്ക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചിട്ടുള്ളത്. സ്ഥാപകരായ ബൈജു രവീന്ദ്രൻ, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരാണ് കോടതിയിൽ തടസ്സ ഹർജി സമർപ്പിച്ചത്.
ബൈജൂസിന്റെ വാദം തുടർന്നും കേൾക്കുമെന്ന് ട്രൈബ്യൂണൽ അറിയിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് പുറമേ യുഎസ്, സിംഗപ്പൂർ എന്നിവിടങ്ങളിലും ബൈജൂസ് കോടതി നടപടികൾ നേരിടുന്നുണ്ട്.
ഇതിനിടെ, ഖത്തർ കമ്പനി നൽകിയ കേസിൽ സിംഗപ്പൂർ കോടതി ബൈജു രവീന്ദ്രന് 6 മാസം തടവും 70,000 ഡോളർ (ഏകദേശം 68 ലക്ഷം രൂപ) പിഴയും വിധിച്ചിരുന്നെങ്കിലും, ഈ ഉത്തരവ് പിന്നീട് കോടതി സ്റ്റേ ചെയ്യുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

