നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിപക്ഷ എംപിമാർ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി.
ഗാന്ധിജി രക്തസാക്ഷിത്വം വരിച്ച ബിര്‍ള ഹൌസിലേക്ക് മൂന്ന് ബസുകളിലായാണ് എംപിമാർ മാർച്ച് നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ആരംഭിച്ച മാർച്ചിനെ തുടർന്ന് ദേശീയ തലസ്ഥാനത്ത് നാടകീയ സംഭവവികാസങ്ങളാണ് അരങ്ങേറിയത്.
എംപിമാർ സഞ്ചരിച്ച ബസുകൾ ഡല്‍ഹി പൊലീസ് തടഞ്ഞെങ്കിലും, തുടർന്ന് നടന്ന ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വാഹനം കടന്നുപോകാൻ പൊലീസ് അനുമതി നൽകി. ഭരണഘടന കയ്യിലേന്തിയാണ് രാഹുല്‍ ഗാന്ധി മാർച്ചിൽ അണിനിരന്നത്.
അദ്ദേഹത്തോടൊപ്പം പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന് തുടങ്ങി ഇന്ത്യാ സഖ്യത്തിലെ പ്രമുഖരായ എംപിമാരെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തു. രാജ്യത്തെ വിദ്യാര്‍ഥികൾ തെരുവിലിറങ്ങി സമരം ചെയ്യുകയാണെന്നും പ്രതിപക്ഷം എല്ലായ്പ്പോഴും അവർക്കൊപ്പം തന്നെ നിലകൊള്ളുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
രാഹുലിന്റെ വസതിയിൽ ചേർന്ന എംപിമാരുടെ പ്രത്യേക യോഗത്തിന് ശേഷമാണ് മിന്നൽ പ്രതിഷേധം ആരംഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെക്കണമെന്നും ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാർഡുകൾ എംപിമാർ ഉയർത്തിപ്പിടിച്ചിരുന്നു.
മൊബൈൽ ഫോണുകളുടെ ഫ്ലാഷ് ലൈറ്റ് തെളിച്ചും വീശിക്കൊണ്ടുമാണ് ഡൽഹിയിലെ തെരുവുകളിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധം തുടർന്നത്. തികച്ചും സമാധാനപരമായ രീതിയിലാണ് പ്രതിഷേധമെന്നും രാഷ്ട്രപിതാവ് ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങളിൽ അടിയുറച്ചാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്നും എംപിമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

