പാലാ നഗരസഭാധ്യക്ഷ പദവിയിലേക്ക് പുതിയ പേരുകൾ സജീവ ചർച്ചയാകുന്നു. ഉപാധ്യക്ഷ മായാ രാഹുൽ അല്ലെങ്കിൽ കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട
ലിസിക്കുട്ടി മാത്യു എന്നിവരിൽ ഒരാൾ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് എത്താനാണ് സാധ്യതയേറെയുള്ളത്. നിശ്ചിത കാലയളവ് വീതം വെച്ച് അധ്യക്ഷ സ്ഥാനം പങ്കിടാമെന്ന പ്രാഥമിക ധാരണയാണ് നിലവിൽ രൂപപ്പെട്ടിട്ടുള്ളത്.
കോൺഗ്രസ് വിപ്പ് ലംഘിച്ച് പുറത്തുവന്ന നാല് കൗൺസിലർമാരും ഉപാധ്യക്ഷ മായാ രാഹുലും ഉൾപ്പെടുന്ന കൂട്ടായ്മയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാനാണ് കേരള കോൺഗ്രസ് എമ്മും എൽഡിഎഫും തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം അന്തിമ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെങ്കിലും ഈ രാഷ്ട്രീയ ഫോർമുലയിലാണ് മുന്നേറ്റം.
കേരള കോൺഗ്രസ് എം സ്വീകരിക്കുന്ന നിലപാടിനൊപ്പമാണ് തങ്ങളുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ നഗരസഭയിൽ ഉപാധ്യക്ഷ തിരഞ്ഞെടുപ്പും ഉടൻ തന്നെ നടക്കും.
മായാ രാഹുലോ, വിപ്പ് ലംഘിച്ച് കോൺഗ്രസിൽ നിന്ന് പുറത്തുവന്ന മറ്റു കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ് എന്നിവരിൽ ആർക്കെങ്കിലുമോ ഉപാധ്യക്ഷനാകാനുള്ള അവസരവും ഒരുങ്ങിയേക്കാം. ആദ്യഘട്ടത്തിൽ അധ്യക്ഷയായില്ലെങ്കിൽ പോലും അടുത്ത ഘട്ടത്തിൽ മായ നഗരസഭാധ്യക്ഷയായി ചുമതലയേൽക്കും.
ഉപാധ്യക്ഷ സ്ഥാനത്തും ഇത്തരത്തിലുള്ള പങ്കുവെക്കൽ ഉണ്ടാകാനാണ് സാധ്യത. എന്നാൽ ഈ രണ്ട് പ്രധാന പദവികളും ഏറ്റെടുക്കേണ്ടതില്ലെന്നാണ് കേരള കോൺഗ്രസ് എം കൗൺസിലർമാർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.
പുറത്തുനിന്ന് പിന്തുണ നൽകി, പാർട്ടി ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചതുപോലെ പാലായെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് നിർവഹിക്കുന്നതെന്ന സന്ദേശം നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
അതേസമയം, ഡിസിസി ഇടപെടൽ വൈകിയതുമൂലം യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ അമർഷം ശക്തമാണ്. ദിയ ബിനുവിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി അയച്ചിട്ടും ഡിസിസി കൃത്യസമയത്ത് ഇടപെട്ടില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
തർക്കമുണ്ടായ ആദ്യഘട്ടത്തിൽ ഇടപെടൽ നടത്തിയ കോൺഗ്രസ് ജില്ലാ നേതാവിന് പിന്നീട് ചുമതലകൾ നൽകാതിരുന്നതും, മറ്റു വ്യക്തികളെ ചർച്ചകൾക്ക് നിയോഗിച്ച് വിഷയം വഷളാക്കിയതിലും പ്രാദേശിക നേതൃത്വത്തിന് വലിയ നിരാശയുണ്ട്. അവിശ്വാസ പ്രമേയത്തെ തുടർന്ന് മുൻ അധ്യക്ഷ പുറത്തായ സാഹചര്യത്തിൽ ഉപാധ്യക്ഷ മായാ രാഹുൽ നഗരസഭയുടെ ആക്ടിങ് ചെയർപഴ്സൻ സ്ഥാനം ഏറ്റെടുത്തു.
നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻതന്നെ പ്രഖ്യാപിക്കും. ആകെ 26 അംഗങ്ങളുള്ള കൗൺസിലിൽ കേവല ഭൂരിപക്ഷത്തിന് 14 പേരുടെ പിന്തുണയാണ് വേണ്ടത്.
നിലവിൽ യുഡിഎഫ് പാനലിൽ കോൺഗ്രസ് 2, കേരള കോൺഗ്രസ് 3, സ്വതന്ത്ര മുന്നണി 3, കെഡിപി 1 എന്നിങ്ങനെ 9 അംഗങ്ങളാണുള്ളത്. എതിർപക്ഷത്ത് കേരള കോൺഗ്രസ് എം 10, സിപിഎം 2, കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട
4 പേർ, സ്വതന്ത്രയായ ഉപാധ്യക്ഷ എന്നിവരുൾപ്പെടെ 17 അംഗങ്ങളുടെ പിന്തുണയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

