കൊച്ചി: വധശ്രമം, കവർച്ച, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെതിരെ കാപ്പ നിയമപ്രകാരം നടപടി.
തിരുവാണിയൂർ വെങ്കിട കരയിൽ തെക്കേൽ വീട്ടിൽ അഭിജിത്ത് (29) നെയാണ് കരുതൽ തടങ്കൽ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
കഴിഞ്ഞ ഏപ്രിൽ 30-ന് തിരുവാണിയൂർ അമ്പലംപടി ഭാഗത്തുവെച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണമാല കവർച്ച ചെയ്ത കേസിലാണ് ഇയാൾ ഒടുവിൽ പിടിയിലായത്. ഈ സംഭവത്തിലും പ്രതിയായതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താൻ അധികൃതർ തീരുമാനിച്ചത്.
പുത്തൻകുരിശ്, ചോറ്റാനിക്കര, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക ആണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
പുത്തൻകുരിശ് ഡിവൈഎസ്പി വിഎ നിഷാദ് മോൻ നേതൃത്വം നൽകി. പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ എം സാഹിൽ ഉൾപ്പെടുന്ന പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടി നടപടികൾ പൂർത്തിയാക്കിയത്.
എറണാകുളം റൂറൽ ജില്ലാ പരിധിയിൽ നിരന്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 20 പേരെയാണ് ഈ വർഷം ഇതുവരെ കാപ്പ ചുമത്തി ജയിലിലടച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

