ലോകകപ്പ് ഫുട്ബോൾ ആരവങ്ങൾക്കു വിരാമമാകുമ്പോൾ കച്ചവടത്തിൽ വൻ നേട്ടം കൊയ്ത് വ്യാപാരികൾ. കേരളത്തിൽ മാത്രം ഏകദേശം 10 കോടി രൂപയുടെ ജഴ്സി വ്യാപാരം നടന്നിട്ടുണ്ടെന്നാണ് സ്പോർട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ച ജഴ്സി ഡേ ആഘോഷങ്ങളും, തൂഫാനുമായി ബന്ധപ്പെട്ട ലഹരിവിരുദ്ധ ഫുട്ബോൾ മത്സരങ്ങളുമാണ് കായിക ഉൽപന്നങ്ങളുടെ വിപണിക്ക് വൻ ഉണർവേകിയതെന്ന് സംഘടനയുടെ പ്രസിഡന്റ് പി.എ.ചെന്താമരാക്ഷൻ ചൂണ്ടിക്കാട്ടി.
വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് അർജന്റീനയുടെ ജഴ്സികളാണ്. ടീം ഫൈനലിൽ പ്രവേശിച്ചതോടെ ടൂർണമെന്റിന്റെ അവസാന ദിവസങ്ങളിൽ പലയിടത്തും ജഴ്സി ലഭ്യമല്ലാത്ത അവസ്ഥപോലും സംജാതമായി.
ആകെ മൂന്ന് ജഴ്സികളാണ് അർജന്റീനയ്ക്കുള്ളതെങ്കിലും, അതിൽ ഹോം ജഴ്സിക്കും എവേ ജഴ്സിക്കുമാണ് വിപണിയിൽ വലിയ ചോദ്യാവലി ഉണ്ടായത്. അർജന്റീനയ്ക്ക് തൊട്ടുപിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരുള്ള പോർച്ചുഗൽ ജഴ്സിയാണ് ഏറ്റവുമധികം ആവശ്യക്കാർ ഉണ്ടായത്.
പോർച്ചുഗൽ ടൂർണമെന്റിൽനിന്ന് പുറത്തായതിനുശേഷവും റൊണാൾഡോയുടെ പേരുള്ള ജഴ്സിക്ക് ആവശ്യക്കാർ വർധിക്കുകയാണുണ്ടായത്. സ്പെയിൻ ഫൈനലിൽ എത്തിയതോടെ അവരുടെ ജഴ്സികൾക്കും മികച്ച വിപണി ലഭിച്ചു.
ടൂർണമെന്റിൽ ഗോൾഡൻ ബോൾ സ്വന്തമാക്കിയത് സ്പെയിൻ ക്യാപ്റ്റൻ റോഡ്രി ആണെങ്കിലും, യുവതാരം ലമീൻ യമാലിന്റെ ജഴ്സിക്ക് ആയിരുന്നു ആരാധകർക്കിടയിൽ കൂടുതൽ പ്രിയം. അതേസമയം, മുൻകാലങ്ങളിൽ കേരളത്തിൽ വലിയതോതിൽ വിറ്റഴിക്കപ്പെട്ടിരുന്ന ബ്രസീൽ ജഴ്സികൾക്ക് ഇത്തവണ ആവശ്യക്കാർ കുറവായിരുന്നു.
ബ്രസീൽ നേരത്തെ തന്നെ മത്സരങ്ങളിൽനിന്ന് പുറത്തായത് മഞ്ഞ ജഴ്സിയുടെ വിപണിമൂല്യത്തെ ബാധിച്ചു. പോർച്ചുഗലിന് നാല് വ്യത്യസ്ത നിറങ്ങളിലുള്ള ജഴ്സികൾ ഉണ്ടെങ്കിലും ആരാധകർക്കിടയിൽ ചുവപ്പ് നിറത്തിലുള്ള ജഴ്സിക്കായിരുന്നു കൂടുതൽ ഡിമാൻഡ്.
ലോകകപ്പിൽ ഔദ്യോഗികമായി ഉപയോഗിച്ച അഡിഡാസ് ട്രയോണ്ട ഒറിജിനൽ ഫുട്ബോളിന് 13,999 രൂപയായിരുന്നു വില.
എന്നാൽ ഇതിന്റെ കൃത്യമായ പകർപ്പുകൾ (റിപ്ലിക്ക) 3,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമായത് സാധാരണക്കാരായ ആരാധകർക്കിടയിൽ ഫുട്ബോളിന്റെ വിൽപ്പന വർധിപ്പിച്ചു. കുട്ടികളുടെ പിറന്നാൾ സമ്മാനമായി ഫുട്ബോളുകൾ നൽകുന്ന പ്രവണത വർധിച്ചതും ലോകകപ്പ് കേരളീയ സമൂഹത്തിൽ ഉണ്ടാക്കിയ പ്രധാന മാറ്റങ്ങളിലൊന്നായി വ്യാപാരികൾ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

