വിതുരയിൽ പൊന്മുടി സംസ്ഥാന ഹൈവേ പുനർനവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓട നിർമാണത്തിൽ വ്യാപകമായ അശാസ്ത്രീയതയെന്ന് ആക്ഷേപം.
കോടികൾ ചെലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതിയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് പ്രവൃത്തികൾ പുരോഗമിക്കുന്നത്. വിതുര ചന്തമുക്കിൽ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്ന രീതിയിലാണ് നിലവിലെ നിർമാണം.
റോഡരികിലെ ആൽമരം പൂർണ്ണമായി നിലനിർത്തി, വ്യാപാര സ്ഥാപനത്തിന്റെ അതിർഭിത്തിക്കും മരത്തിനും ഇടയിലായാണ് ഇപ്പോൾ ഓട നിർമിക്കുന്നത്.
അപകടാവസ്ഥയിലുള്ള ഈ ആൽമരം മാറ്റാതെ നിർമാണം തുടരുന്നത് ഭാവിയിൽ വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം. ആൽമരത്തിന്റെ വേരുകൾ പടർന്നുപിടിക്കുന്നത് പുതിയ ഓടയുടെയും റോഡിന്റെയും ബലക്ഷയത്തിന് ഇടയാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
മരം സുരക്ഷിതമായി മുറിച്ചുമാറ്റുകയോ അല്ലെങ്കിൽ കൃത്യമായ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുകയോ ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ചന്തമുക്കിനു പുറമെ തേവിയോട് ജംക്ഷനിലും സമാനമായ രീതിയിൽ അശാസ്ത്രീയ നിർമാണങ്ങൾ നടക്കുന്നതായി പരാതികളുണ്ട്. എന്നാൽ സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ഇതിനുപുറമെ, കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം സ്വകാര്യ സ്കൂളിന്റെ മതിലിനോടു ചേർന്നു നിൽക്കുന്ന മരങ്ങൾ മാറ്റിസ്ഥാപിക്കാത്തതുവഴിയുള്ള യാത്രാപ്രശ്നങ്ങൾ നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കാത്തതിലും ആശങ്ക പൊന്മുടി ഹൈവേയുടെ നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ ഓടയുടെ അടിഭാഗത്തുകൂടി 33 കെവി വൈദ്യുതി കേബിളുകൾ കടന്നുപോകുന്നുണ്ട് എന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഐസറിലേക്ക് (IISER) വൈദ്യുതി വിതരണം ചെയ്യുന്നതിനായുള്ള പ്രധാന കേബിളുകളാണ് ഇത്തരത്തിൽ ഓടയുടെ അടിയിലൂടെ കടന്നുപോകുന്നത്. റോഡിന്റെ വീതി കൂട്ടിയതോടെയാണ് കേബിളുകൾ ഓടയ്ക്ക് താഴെയായി മാറിയത്.
കരാറുകാരൻ തുക നൽകിയാൽ മാത്രമേ കേബിളുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കൂ എന്ന നിലപാടിലാണ് കെഎസ്ഇബി (KSEB) ഉള്ളത്. എന്നാൽ കരാറുകാരൻ ഇതിന് ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.
നിലവിലെ രീതിയിൽ ഓട നിർമാണം പൂർത്തിയായാൽ, ഭാവിയിൽ കേബിളുകൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അറ്റകുറ്റപ്പണികൾക്കായി പുതുതായി നിർമിച്ച ഓട
പൂർണ്ണമായി പൊളിക്കേണ്ടി വരും. ഇത് വലിയ തോതിലുള്ള സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും, ഓട
നിർമാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കേബിളുകൾ സുരക്ഷിതമായി മാറ്റിസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

