യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്കായി പാസ്പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ പ്രധാന കോൺസുലാർ സേവനങ്ങൾ ഇനി മുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട
പുതിയ സേവന കേന്ദ്രങ്ങളുടെ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ഈ ചുമതല ഏറ്റെടുത്തത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
മുൻപുണ്ടായിരുന്ന നിയമതടസ്സങ്ങൾ പൂർണ്ണമായും നീങ്ങിയതിനെ തുടർന്നാണ് ഈ നടപടി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി എംബസിയും കോൺസുലേറ്റും നേരിട്ട് സേവനങ്ങൾ നൽകിയതിനെ തുടർന്നുണ്ടായ വൻ തിരക്കിനും ആശയക്കുഴപ്പങ്ങൾക്കും ഇതിലൂടെ പരിഹാരമാകും.
സേവനങ്ങൾക്കായി consularsevainuae.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. തിങ്കൾ മുതൽ ശനി വരെ ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും ഇടയിലാണ് അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കിയിട്ടുള്ളത്.
ഇനി മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. പകരം നിശ്ചിത ‘ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ’ വഴിമാത്രമേ അപേക്ഷകൾ നൽകാനാകൂ.
എല്ലാ കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവർത്തിക്കുന്നത്. അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
വാക്ക്-ഇൻ സേവനങ്ങൾ ബാധകമായവർ:
തത്കാൽ പാസ്പോർട്ട് അപേക്ഷകൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ്, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് അപ്പോയിന്റ്മെന്റ് ആവശ്യമില്ലാതെ തന്നെ നേരിട്ടെത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താം. സെന്ററുകളുടെ പ്രാദേശിക വിവരങ്ങൾ:
* അബുദാബി (6 കേന്ദ്രങ്ങൾ): അൽ ദാന, അൽ റീം ഐലൻഡ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അൽ ഐൻ.
* ദുബായ് (2 കേന്ദ്രങ്ങൾ): ബർ ദുബായിലെ യു.ഡബ്ല്യു മാളിൽ 12,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള പ്രധാന കേന്ദ്രം (45 കൗണ്ടറുകൾ ഇവിടെയുണ്ട്), ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്.
* ഷാർജ (2 കേന്ദ്രങ്ങൾ): അൽ മജാസ്, റൊള.
* വടക്കൻ എമിറേറ്റുകൾ (6 കേന്ദ്രങ്ങൾ): അജ്മാൻ (അൽ ജുർഫ്), ഫുജൈറ (അൽ ഫസീൽ), ഉമ്മുൽ ഖുവൈൻ (അൽ റംല), ഖോർഫക്കാൻ (ഷെയ്ഖ് ഖാലിദ് റോഡ്), കൽബ (ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്), റാസൽഖൈമ (അൽ മമൂറ റോഡ്).
ജൂലൈ ഒന്നു മുതൽ ഇന്ത്യൻ സർക്കാർ പാസ്പോർട്ട് സേവന നിരക്കുകളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. 36 പേജ് പാസ്പോർട്ടിന് സാധാരണ നിരക്ക് 450 ദിർഹവും, തത്കാലിന് 900 ദിർഹവുമാണ്.
60 പേജ് പാസ്പോർട്ടിന് സാധാരണ നിരക്ക് 630 ദിർഹവും, തത്കാലിന് 1,080 ദിർഹവുമായിരിക്കും. സർക്കാർ നിശ്ചയിച്ച ഈ നിരക്കുകൾക്ക് പുറമെ, ഫോട്ടോകോപ്പി, ഫോട്ടോ സേവനങ്ങൾ ഉൾപ്പെടെ 19 ദിർഹം അധിക സേവന നിരക്കായി അൽഹിന്ദ് ഈടാക്കുന്നതാണ്.
സുപ്രീം കോടതി നിർദ്ദേശപ്രകാരം വിദേശകാര്യ മന്ത്രാലയം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നത് വരെ പ്രവാസികൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കുന്നതിനായി തൽക്കാലത്തേക്ക് ഇടക്കാല സേവന ദാതാവായാണ് അൽഹിന്ദ് പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

