ഇന്ത്യൻ പ്രീമിയർ ലീഗിലെ ശ്രദ്ധേയമായ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥതയുള്ള പ്രമുഖ വ്യവസായ കുടുംബം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. സ്റ്റീൽ വ്യവസായ രംഗത്തെ പ്രമുഖ കമ്പനിയായ ആഴ്സലർ മിത്തലിന്റെ ചെയർമാൻ ലക്ഷ്മി മിത്തലിന്റെ പിന്തുണയോടെ അദ്ദേഹത്തിന്റെ മരുമകൻ അമിത് ഭാട്ടിയയാണ് ലിവർപൂളിന്റെ ന്യൂനപക്ഷ ഓഹരികൾ വാങ്ങുന്നതിനായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന് 600 കോടി ഡോളർ അതായത് ഏകദേശം 57,500 കോടി രൂപ മൂല്യം കണക്കാക്കിയാകും ഈ ഇടപാട് നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബ്രിട്ടീഷ്-ഇന്ത്യൻ വ്യവസായ പ്രമുഖനായ അമിത് ഭാട്ടിയ നയിക്കുന്ന കൺസോർഷ്യം ഓഹരികൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി ലിവർപൂളിന്റെ നിലവിലെ ഉടമകളായ അമേരിക്കൻ കമ്പനി ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ഈ വിഷയത്തിൽ അമിത് ഭാട്ടിയയോ ലക്ഷ്മി മിത്തലോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ തുകയ്ക്ക് ഡീൽ ഉറപ്പിക്കുകയാണെങ്കിൽ ലോകത്തെ ഒരു ഫുട്ബോൾ ക്ലബ്ബിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന മൂല്യങ്ങളിൽ ഒന്നായി ഇത് മാറും.
കഴിഞ്ഞ 2023ൽ ബ്രിട്ടീഷ് ശതകോടീശ്വരൻ ജിം റാറ്റ്ക്ലിഫ് മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ഓഹരികൾ വാങ്ങുമ്പോൾ ക്ലബ്ബിന് 630 കോടി ഡോളർ മൂല്യമാണ് കൽപ്പിച്ചിരുന്നത്. നിലവിൽ ഇംഗ്ലണ്ടിലെ രണ്ടാംനിര ലീഗ് ക്ലബ്ബായ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിൽ അമിത് ഭാട്ടിയയ്ക്ക് നിക്ഷേപമുണ്ട്.
ലിവർപൂളിലെ ഓഹരി സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഈ ക്ലബ്ബിലെ തന്റെ ഓഹരികൾ പ്രമുഖ ഓഹരിയുടമയായ റൂബൻ ജ്ഞാനലിംഗത്തിന് അദ്ദേഹം കൈമാറിയേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ മെയ് മാസത്തിലാണ് ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിനെ മിത്തൽ കുടുംബം സ്വന്തമാക്കിയത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അദാർ പൂനാവാലയുമായി ചേർന്ന് 15,600 കോടി രൂപ മുടക്കിയായിരുന്നു ഈ ഏറ്റെടുക്കൽ. ഇതിലൂടെ മിത്തൽ കുടുംബത്തിന് 75 ശതമാനവും അദാർ പൂനാവാലയ്ക്ക് 18 ശതമാനവും ഓഹരി പങ്കാളിത്തമാണ് ലഭിച്ചത്.
രാജസ്ഥാൻ റോയൽസിന് പുറമെ സൗത്ത് ആഫ്രിക്കൻ ലീഗിലെ പാൽ റോയൽസ്, കരീബിയൻ ലീഗിലെ ബാർബഡോസ് റോയൽസ് എന്നിവയും ഈ ഏറ്റെടുക്കലിന്റെ ഭാഗമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

