എട്ടുകൊല്ലമായി ജീവിതം മുൾമുനയിൽ കഴിയുകയാണ് കണ്ണൂരിലെ ഒരു വിഭാഗം സാധാരണക്കാരായ ജനങ്ങൾ. തലശ്ശേരി – കൊടുവള്ളി – മമ്പറം – അഞ്ചരക്കണ്ടി – മട്ടന്നൂർ എയർപോർട്ട് റോഡ് പദ്ധതി യാഥാർഥ്യമാകുമോ എന്ന അനിശ്ചിതാവസ്ഥയാണ് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്നത്.
കിഫ്ബി ധനസഹായത്തോടെ ആയിരം കോടി രൂപ ചെലവിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ ഭാഗമായി പറമ്പുകളിൽ മഞ്ഞക്കുറ്റി സ്ഥാപിച്ചതോടെയാണ് ജനങ്ങളുടെ ദുരിതം ആരംഭിച്ചത്.
പി.മഹമ്മൂദ് പറയുന്നതിങ്ങനെ: “എട്ടുകൊല്ലമായി മകൾ ജഹാനയുടെ വീടുപണി പൂർത്തിയായിട്ട്. ഗൃഹപ്രവേശം വരെ തീരുമാനിച്ചിരുന്നു.
അപ്പോഴാണ് മുറ്റത്ത് മഞ്ഞക്കുറ്റി വന്നത്. അതോടെ എല്ലാം നിർത്തിവച്ചു.
ഇപ്പോൾ സങ്കടം തോന്നും ആ വീടു കാണുമ്പോൾ. ജഹാനയും ഭർത്താവ് യുഎഇയിലുള്ള ഷമീറും ഏറെ കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ് അനാഥമായി കിടക്കുന്നത്.
ഇനി അതിൽ താമസിക്കാൻ പറ്റുമോ ഇല്ലയോ എന്നുപോലും അറിയില്ല. അത്തരമൊരനിശ്ചിതാവസ്ഥയിലാണ് ഈ നാട്ടുകാരെല്ലാം.” തുടർന്ന് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഞങ്ങളാരും വികസനവിരോധികളല്ല.
നാടിന്റെ പുരോഗതിക്ക് നല്ല റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകണം. പക്ഷേ, ഇപ്പോൾ സമാധാനത്തോടെ കഴിയുന്ന ആയിരക്കണക്കിനാളുകളെ ആശങ്കയിലാക്കിക്കൊണ്ടാകരുത് വികസനം.” നിലവിൽ ഭൂമിയിൽ മഞ്ഞക്കുറ്റി സ്ഥാപിച്ചതിനാൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാനോ ഉള്ളവ പുതുക്കിപ്പണിയാനോ സാധിക്കാത്ത അവസ്ഥയിലാണ് ഉടമകൾ.
പദ്ധതിയുടെ അലൈൻമെന്റിലെ വ്യക്തതയില്ലായ്മയും രാഷ്ട്രീയ സ്വാധീനങ്ങളും വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ജനവാസ മേഖലകളെയും കച്ചവട
സ്ഥാപനങ്ങളെയും ബാധിക്കുന്ന പദ്ധതിയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എം.പി.അസൈനാർ പദ്ധതിയുടെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കുന്നു: “വിമാനത്താവളത്തിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 14 റോഡുകൾ നിലവിലുണ്ടെന്നിരിക്കെ മുൻ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ വീടിനു മുന്നിലൂടെ നിലവിലെ 7 മീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി നിർമിക്കാനുള്ള തീരുമാനം ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാതെയാണ്.” പദ്ധതിയുടെ തുടക്കത്തിൽ തലശ്ശേരി – കൊടുവള്ളി – അഞ്ചരക്കണ്ടി – എയർപോർട്ട് റോഡ് എന്നായിരുന്നു പ്രഖ്യാപനമെങ്കിലും പിന്നീട് അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്തിയത് യാത്രാസൗകര്യങ്ങളെ ബാധിക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ബാലം എന്ന ഉൾനാടൻ പ്രദേശത്ത് റോഡ് ചെന്നുനിൽക്കുന്നതും, അവിടെ ദേശീയപാതയുമായുള്ള ബന്ധപ്പെടുത്തലിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ ഇരട്ടിയാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

