കോട്ടയം ജില്ലയിലെ അയർക്കുന്നത്ത് നാലംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രാഷ്ട്രീയ കക്ഷികൾ രംഗത്ത്. സംഭവത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അന്വേഷണ നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റിയും ആരോപിച്ചു. ആത്മഹത്യ ചെയ്ത സ്ത്രീ ജോലി ചെയ്തിരുന്ന സഹകരണ ബാങ്കിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്. അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘത്തിന് എസ്എച്ച്ഒ ആണ് നേതൃത്വം നൽകുന്നത്.
വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലായിരിക്കെ മരണമടഞ്ഞ മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി, ഭാര്യ ജോസ്ന, മൂത്തമകൾ മരിയ തെരേസ തോമസ് എന്നിവരുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇവർ നൽകിയ മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
വിഷം എങ്ങനെയാണ് ഉള്ളിൽ എത്തിയത് എന്നതുസംബന്ധിച്ച് മൂവരും മൂന്ന് വ്യത്യസ്ത മൊഴികളാണ് നൽകിയിരുന്നത്. കഴിഞ്ഞ ജൂലൈ 18നാണ് ഈ കുടുംബം കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി (50), ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16), മകൻ അലൻ (12) എന്നിവരാണ് ദാരുണമായി മരണമടഞ്ഞത്.
ജോസ്നയും മരിയ തെരേസ തോമസുമാണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. തുടർന്ന് ജോബിയും, ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച അലനും മരണപ്പെടുകയായിരുന്നു.
ജോസ്ന ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും തർക്കങ്ങളുമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇവർ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യക്കുറിപ്പും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ പരാമർശിച്ചിട്ടുള്ള സ്ഥാപനത്തിലെ യുവതിയായ മേധാവിയെ പൊലീസ് ബന്ധപ്പെട്ട് മൊഴിയെടുത്തിരുന്നു.
സ്ഥാപനത്തിന് വരുത്തിയ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ജോസ്നയ്ക്ക് തന്നോട് വിരോധമുണ്ടാകാൻ കാരണമെന്നാണ് അവർ പൊലീസിന് നൽകിയ മൊഴി. ഇതിനിടയിൽ, ചിട്ടികളുടെയും മറ്റും പേരിൽ ജോസ്ന ആളുകളിൽ നിന്ന് പണം വാങ്ങിയിരുന്നതായി നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക ആരോപണങ്ങളിൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണ്. കൂടാതെ കുടുംബാംഗങ്ങളുടെ ഫോൺവിളി രേഖകളും വിശദമായി പരിശോധിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

