നൂതന പരീക്ഷാ സംവിധാനങ്ങളിലെ അപാകതകളും വ്യാപക ക്രമക്കേടുകളും സംബന്ധിച്ച് പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന ആവശ്യം സർക്കാരിന്റെ ഭാഗത്തുനിന്നും അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് കടുത്ത സമരമാർഗ്ഗങ്ങളിലേക്ക് തിരിഞ്ഞതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയം സഭയിൽ ഉന്നയിക്കാൻ സ്പീക്കറോട് നേരത്തെ അനുമതി തേടിയിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്ന് അദ്ദേഹം പുറത്തുവിട്ട
വീഡിയോ സന്ദേശത്തിൽ വിശദീകരിച്ചു. രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട
ഈ വിഷയത്തിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബുധനാഴ്ച തന്നെ വിശദമായ ചർച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും യുവജനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. “ഇന്ന് രാവിലെ ഞാൻ ലോക്സഭാ സ്പീക്കറെ കണ്ട്, വിദ്യാർഥികൾക്ക് എന്ത് സംഭവിച്ചു എന്ന് ചർച്ച ചെയ്യാൻ അനുവദിക്കേണ്ടത് എത്ര പ്രധാനമാണെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ, വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് പിന്നീട് ഞങ്ങൾക്ക് വ്യക്തമായി” എന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഇതിന്റെ തുടർച്ചയെന്നോണം ദേശീയ തലത്തിൽ വൻ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് ദില്ലി സാക്ഷ്യം വഹിച്ചത്. പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത മാർച്ച് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി.
എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുന ഖർഗെയുടെ വസതിയിൽ ഒത്തുകൂടിയ നേതാക്കൾ പെട്ടെന്നാണ് പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി മാർച്ച് ആരംഭിച്ചത്. അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിയുടെ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് നേതാക്കൾ പ്രതിഷേധം ശക്തമാക്കി.
സമരമുഖത്ത് പ്രമുഖ നേതാക്കളുടെ വലിയ നിരതന്നെയുണ്ടായിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, കെ.സി.
വേണുഗോപാൽ എന്നിവർക്കൊപ്പം കേരളത്തിൽ നിന്നുള്ള എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. പാർട്ടി നിർദ്ദേശപ്രകാരം കേരള ഹൗസിലുണ്ടായിരുന്ന വി.ഡി.
സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരും സമരസ്ഥലത്ത് എത്തിച്ചേർന്നു.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരും ഐക്യദാർഢ്യവുമായി സമരത്തിൽ പങ്കാളികളായി.
അപ്രതീക്ഷിത സമരത്തെ തുടർന്ന് സ്ഥലത്തെത്തിയ ദില്ലി പൊലീസ് അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിന്നു.
ഒടുവിൽ അനുനയശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഡൽഹി ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സേന കടുത്ത ബലപ്രയോഗത്തിലൂടെ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പോലീസിന്റെ ബലംപ്രയോഗത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
“भारत के छात्रों और प्रधानमंत्री को मेरा सीधा संदेश…” എന്ന് കുറിച്ചുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച വീഡിയോ സന്ദേശം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

