അടിമാലിയിൽ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലും ആക്രമണത്തിലും കലാശിച്ചത്.
സംഭവത്തിൽ അടിമാലി ജെന്ന റസിഡൻസി സൂപ്പർവൈസർ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ജൂലൈ 22, 2026 തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.
മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 22 അംഗ സംഘം ജന്ന റസിഡൻസിയിൽ ഭക്ഷണം കഴിക്കാനെത്തുകയായിരുന്നു. ടൂർ പാക്കേജ് ഏജൻസി വഴിയാണ് ഇവർക്കായി ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിരുന്നത്.
ഇവർക്ക് വേണ്ടി അൽഫാം ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നു. എന്നാൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഏജൻസിയുമായി ചർച്ച ചെയ്യുന്നതിനിടെ ഹോട്ടൽ ജീവനക്കാർ ഇടപെടുകയായിരുന്നു.
തുടർന്ന് ഭക്ഷണത്തിന്റെ ബിൽ തുക അടയ്ക്കുന്നതു സംബന്ധിച്ചുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഹോട്ടൽ സൂപ്പർവൈസർ അടിമാലി മന്നാങ്കാല ചെറിയാനിക്കൽ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചു തുണ്ടിയിൽ അനന്ദു (27), അതിഥിത്തൊഴിലാളി മുർഷിദുൽ ഇസ്ലം (25) എന്നിവർക്കാണ് പരുക്കേറ്റത്.
സാരമായി പരുക്കേറ്റ നിഷാദ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ഒറ്റപ്പാലം അപ്പക്കാട്ട് അരുൺ സോമൻ (24), ലക്കിടി നെച്ചിങ്ങത്തൊട്ടി അലി അക്ബർ (19), പാലപ്പുറം കരിക്കലേത്ത് മുഹമ്മദ് റിസാൻ (19) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

