ആലപ്പുഴയിലെ പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) വൈദ്യുതി തടസം മൂലം മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകേണ്ടി വന്ന സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ ആരോഗ്യ വകുപ്പിന്റെ വീഴ്ചകളെയും സർക്കാർ സംവിധാനങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു.
ആരോഗ്യ മന്ത്രിയോട് നേരിട്ടുള്ള ചോദ്യമാണ് ശോഭ സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്. “ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും ‘കറന്റ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതുവരെ കാത്തിരിക്കാം’ എന്ന് പറയുമായിരുന്നോ?” എന്നാണ് അവർ ചോദിക്കുന്നത്.
2026-ലും ഒരു സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ജനറേറ്റർ സൗകര്യം പോലുമില്ലാത്തത് ഭരണകൂടത്തിന്റെ പരാജയമാണെന്ന് അവർ ആരോപിച്ചു. ഈ സംഭവം പുറത്തുവന്നപ്പോൾ വീഴ്ചകൾ സമ്മതിക്കുന്നതിന് പകരം, പ്രതികൂല സാഹചര്യത്തിലും സേവനം നൽകിയ ഡോക്ടർമാരെ കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടത് അധികൃതരാണെന്നും, ഡോക്ടർമാരല്ലെന്നും ശോഭ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. കേവലം വൈദ്യുതി തടസം എന്നതിലുപരി, സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ ദയനീയമായ അവസ്ഥയാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
ആശുപത്രികളിൽ അടിസ്ഥാനപരമായ പവർ ബാക്കപ്പ് സംവിധാനം പോലും ഉറപ്പാക്കാൻ കഴിയാത്ത സ്ഥിതിവിശേഷം ആശങ്കാജനകമാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വരും വർഷങ്ങളിൽ കേരളത്തിന്റെ ആരോഗ്യ മേഖല എങ്ങനെ മുന്നോട്ട് പോകുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി ജനങ്ങൾക്ക് ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഡോക്ടർമാർക്ക് അർഹമായ പിന്തുണ നൽകണമെന്നും, രോഗികൾക്ക് മാന്യമായ ചികിത്സ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

