തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയം അഞ്ചാം വാർഡിൽ പതിനാല് കുടുംബങ്ങൾ വർഷങ്ങളായി കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതുക്കുളത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. പ്രദേശവാസികൾ വെള്ളമെടുക്കുന്നത് തടയുകയും പൈപ്പ് ലൈനുകൾ നശിപ്പിക്കുകയും ചെയ്യുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് ഫണ്ടും ഗുണഭോക്തൃ വിഹിതവും സംയോജിപ്പിച്ചു നവീകരിച്ചതാണ് ഈ കുളം. അന്നുമുതൽ നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇതിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
എന്നാൽ, കുളം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ പ്രദേശവാസികൾക്ക് വെള്ളമെടുക്കുന്നതിനോ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനോ നിലവിൽ അനുമതി നൽകുന്നില്ല. നാട്ടുകാർ സ്ഥാപിച്ച പൈപ്പുകൾ മുറിച്ചു മാറ്റുന്നതായും ഇവർ പരാതിപ്പെടുന്നു.
മറ്റ് കുടിവെള്ള സ്രോതസ്സുകൾ ഇല്ലാത്ത പ്രദേശമായതിനാൽ ഈ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. പ്രശ്നപരിഹാരത്തിനായി പഞ്ചായത്ത് അംഗം സോണി മണ്ഡപം ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കലക്ടർ അടക്കമുള്ള അധികൃതർക്ക് നാട്ടുകാർ പരാതി നൽകി. ഭൂവുടമയുടെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടുകൾ ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു.
നിലവിൽ പരാതി സംബന്ധിച്ച തുടർനടപടികൾക്കായി കേസ് ഡിവൈഎസ്പിക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

