കൊച്ചി: അന്താരാഷ്ട്ര തലത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മാരക വേദനസംഹാരിയായ ട്രാമഡോൾ ഗുളികകൾ കടത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ ഇടപ്പള്ളിയിൽ വെച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്താരാഷ്ട്ര വിപണിയിൽ ആയിരം കോടിയിലേറെ രൂപ വിലമതിക്കുന്ന 30,000 കിലോ ഭാരം വരുന്ന 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകളാണ് സംഘം കടത്താൻ ശ്രമിച്ചത്.
പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റുമതി ചെയ്യുന്നു എന്ന വ്യാജേന ലിബിയയിലേക്ക് മരുന്നുകൾ വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ പദ്ധതി. ഡൽഹിയിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഈ മരുന്നുശേഖരം, 2026 ജൂലൈ 10 നും 20 നും ഇടയിൽ നടന്ന ‘ഓപ്പറേഷൻ വജ്ര’ എന്ന ദൗത്യത്തിലൂടെയാണ് അധികൃതർ പിടിച്ചെടുത്തത്.
പ്രവർത്തന രീതി
ഇന്റർനാഷണൽ നാർകോട്ടിക്സ് കൺട്രോൾ ബോർഡും ഗിനിയ-ബിസാവുവിലെ അധികൃതരും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കയറ്റുമതി രേഖകളിലെ കൃത്രിമത്വവും വ്യാജ വിലാസവും കണ്ടെത്തിയത്. ഗ്വാളിയോറിലെ സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ ബെംഗളൂരു, കൊച്ചി യൂണിറ്റുകൾ എന്നിവർ ഏകോപിതമായാണ് ഈ ഓപ്പറേഷൻ നടപ്പിലാക്കിയത്.
ഉപയോഗം
തീവ്രവാദ സംഘടനകൾ ലഹരി പദാർത്ഥമായി ട്രാമഡോൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. സംഘർഷ മേഖലകളിൽ പരിക്കുകളുടെ ഗൗരവം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഈ മരുന്ന്, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകൾ ഉന്മേഷത്തിനും ലഹരിക്കുമായി ഉപയോഗിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.
കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ നിന്നും സംഘത്തിലെ മറ്റൊരാളെയും അധികൃതർ പിടികൂടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

