പാലാ നഗരസഭാ അധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് സമർപ്പിച്ച അവിശ്വാസപ്രമേയം ഈ മാസം 21-ന് ചർച്ച ചെയ്യാനിരിക്കെ, കോൺഗ്രസ് ക്യാമ്പിൽ ആശയക്കുഴപ്പം തുടരുന്നു. വിഷയം ചർച്ച ചെയ്യാൻ ഡിസിസി നേതൃത്വം വിളിച്ചുചേർത്ത യോഗത്തിൽ അന്തിമതീരുമാനത്തിലെത്താൻ സാധിച്ചില്ല.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎൽഎ, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. നഗരസഭയിലെ യുഡിഎഫ് ഭരണം നിലനിർത്തണമെന്ന കർശന നിലപാടാണ് ഘടകകക്ഷികളായ കേരള കോൺഗ്രസും കെഡിപിയും സ്വീകരിക്കുന്നത്.
എന്നാൽ, പാർട്ടി നേതൃത്വം ഔദ്യോഗികമായി വിപ്പ് നൽകിയാലും ദിയ ബിനുവിനെ പിന്തുണയ്ക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം കൗൺസിലർമാർ. വിപ്പ് ലംഘിച്ചാൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുന്നതിനൊപ്പം വരുംവർഷങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആറു വർഷത്തേക്ക് അയോഗ്യതയും നേരിടേണ്ടി വരുമെന്നത് കൗൺസിലർമാർക്ക് വലിയ ഭീഷണിയാണ്.
നിലവിൽ 26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം പാസാകാൻ 14 വോട്ടുകൾ ആവശ്യമാണ്. എൽഡിഎഫിന് നിലവിൽ 12 വോട്ടുകളാണ് (കേരള കോൺഗ്രസ് എം-10, സിപിഎം-2) ഉള്ളത്.
ഭരണം പിടിച്ചെടുക്കാൻ അവർക്ക് രണ്ട് വോട്ടുകൾ കൂടി അധികമായി ലഭിക്കണം. കോൺഗ്രസിൽ നിന്നുള്ള ഈ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം.
അതേസമയം, 14 അംഗങ്ങളുടെ പിന്തുണയുള്ള യുഡിഎഫ് പക്ഷത്ത് കോൺഗ്രസ്-6, കേരള കോൺഗ്രസ്-3, സ്വതന്ത്ര മുന്നണി-3, കെഡിപി-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില. അതിനിടെ, നഗരസഭാ ഉപാധ്യക്ഷ മായാ രാഹുൽ, ഭർത്താവ് പി.എൻ.ആർ.രാഹുൽ എന്നിവർക്കെതിരെ നേരത്തെ പാർട്ടി സ്വീകരിച്ചിരുന്ന അച്ചടക്ക നടപടികൾ കോൺഗ്രസ് നേതൃത്വം പിൻവലിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ മത്സരിച്ചതിനായിരുന്നു നേരത്തെ പുറത്താക്കൽ നടപടി സ്വീകരിച്ചത്. അവിശ്വാസപ്രമേയത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കോൺഗ്രസ് അംഗങ്ങളുടെ നീക്കങ്ങൾ നഗരസഭയുടെ ഭരണത്തുടർച്ചയെ സംബന്ധിച്ച് നിർണ്ണായകമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

