ആലപ്പുഴ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഡിവിഷൻ നഷ്ടപ്പെട്ടതിനെത്തുടർന്ന് പിരിച്ചുവിടപ്പെട്ട എൽപി സ്കൂൾ അധ്യാപകർക്ക് ആശ്വാസമായി പുനർനിയമന നടപടികൾ ആരംഭിക്കുന്നു.
ജില്ലയിലെ ഗവ. എൽപി, യുപി സ്കൂളുകളിലെ 32 പ്രധാനാധ്യാപക തസ്തികകൾ സ്ഥാനക്കയറ്റം വഴി നികത്തിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഇതിൽ 26 പേർ എൽപി സ്കൂളുകളിൽ നിന്നും 6 പേർ യുപി സ്കൂളുകളിൽ നിന്നുമാണ് സ്ഥാനക്കയറ്റം ലഭിച്ചവർ. ഈ നിയമനത്തോടെ എൽപി വിഭാഗത്തിൽ 26 ഒഴിവുകൾ പുതുതായി സൃഷ്ടിക്കപ്പെട്ടു.
മുൻപ് പിരിച്ചുവിടപ്പെട്ട 32 അധ്യാപകരിൽ 26 പേർക്ക് ഈ ഒഴിവുകളിൽ നിയമനം നൽകുമെന്നും, ബാക്കിയുള്ളവർക്ക് ജില്ലയിൽ ലഭ്യമാകുന്ന തൊട്ടടുത്ത ഒഴിവുകളിൽ നിയമനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അധ്യാപകരെ പിരിച്ചുവിട്ട നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, നേരത്തെയുണ്ടായിരുന്ന പിരിച്ചുവിടൽ ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ മരവിപ്പിച്ചിരുന്നു.
എന്നാൽ, തസ്തികകളുടെ ലഭ്യതക്കുറവ് കാരണം ഇവർക്ക് അപ്പോൾ നിയമനം നൽകാൻ സാധിച്ചിരുന്നില്ല. അക്കാദമിക് വർഷം തുടങ്ങി ഒന്നര മാസമായിട്ടും പ്രധാനാധ്യാപക നിയമനം നടത്താതെ, ഡിവിഷൻ നഷ്ടത്തിന്റെ പേരിൽ അധ്യാപകരെ പെട്ടെന്ന് പിരിച്ചുവിടാൻ കാണിച്ച തിടുക്കം നേരത്തെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
വിദ്യാഭ്യാസ ഉപജില്ലകളുടെ കൃത്യമായ കണക്കുകൾ ലഭിക്കുന്നതിന് മുൻപേ 14-ന് രാത്രിയിലാണ് പിരിച്ചുവിടൽ ഉത്തരവ് പുറത്തിറക്കിയത്. ജില്ലയിൽ 42 പ്രധാനാധ്യാപക ഒഴിവുകൾ ഉണ്ടായിരുന്നെങ്കിലും, സുപ്രീം കോടതി ഉത്തരവ് പ്രകാരം കെടെറ്റ് (K-TET) യോഗ്യതയുള്ള 32 പേർക്ക് മാത്രമാണ് സ്ഥാനക്കയറ്റം നൽകാൻ സാധിച്ചത്.
തയ്യൽ അധ്യാപകർക്ക് ബിആർസികളിൽ നിയമനം അതേസമയം, ഡിവിഷൻ നഷ്ടപ്പെട്ടതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട ഹൈസ്കൂൾ തയ്യൽ അധ്യാപകർക്കും നിയമന ഉത്തരവായി.
മൂന്ന് അധ്യാപകരെ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ (ബിആർസി) നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ 14-ന് ജില്ലയിലെ എൽപി അധ്യാപകരോടൊപ്പം തയ്യൽ അധ്യാപകരെയും പിരിച്ചുവിട്ടിരുന്നു.
മറ്റ് ജില്ലകളിൽ സമാനമായ സാഹചര്യമുണ്ടെങ്കിലും ആലപ്പുഴയിൽ മാത്രം ഇത്തരമൊരു നടപടി ഉണ്ടായതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ)യ്ക്ക് കീഴിലുള്ള ബിആർസികളിലേക്ക് ഇവരെ നിയമിക്കുകയായിരുന്നു.
നിലവിൽ താൽക്കാലികമായാണ് ഈ നിയമനം. ഡിവിഷൻ നഷ്ടമായ അധ്യാപകരെ പുനർവിന്യസിക്കുന്നതിനുള്ള സംസ്ഥാനതല മാർഗനിർദേശങ്ങൾ തയാറാക്കുന്നതുവരെ ഈ ക്രമീകരണം തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

