വിവാഹാലോചന നിരസിച്ചതിന്റെ പക തീർക്കാൻ യുവതിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി മതിര തെറ്റിമുക്ക് സ്വദേശി സുധീഷ്, കടയ്ക്കൽ സ്വദേശികളായ അരുൺ, ആർ.
ലാൽ കൃഷ്ണ, ആർ. എസ്.
ആരോമൽ എന്നിവർക്കായാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. അക്രമിസംഘത്തിൽ ഉൾപ്പെട്ട
അഞ്ചാമനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കേസന്വേഷിക്കുന്നതിനായി ആറ്റിങ്ങൽ ഡിവൈഎസ്പി ജി.
സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നാലംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തിന്റെ പശ്ചാത്തലം
വടശ്ശേരിക്കോണം ആര്യാഭവനിൽ അനിൽകുമാർ, മകൻ അച്ചു എന്നിവരെയാണ് വ്യാഴാഴ്ച വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് സംഘം തടഞ്ഞുവെച്ച് മർദിച്ചത്.
സുധീഷിന്റെ വിവാഹാഭ്യർഥന കുടുംബം നിരസിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. അക്രമത്തിന് ശേഷം പ്രതികൾ കിളിമാനൂരിലെത്തി സ്വകാര്യ ബസിൽ കടയ്ക്കൽ ആനപ്പാറയിലേക്ക് കടന്നതായാണ് വിവരം.
അവിടെ വെച്ച് സംഘാംഗങ്ങളിൽ ഒരാളുടെ ബന്ധുവിന്റെ വീടിന്റെ ടെറസിൽ ഫോണും പഴ്സും തിരിച്ചറിയൽ രേഖകളും ഉപേക്ഷിച്ചശേഷം ഇവർ ഒളിവിൽ പോയി. പ്രതികൾ സഞ്ചരിച്ച ബൈക്ക് കിളിമാനൂരിനു സമീപം പാപ്പാലയിൽ ഉപേക്ഷിക്കപ്പെട്ട
നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആസൂത്രിതമായ ഇടിമുറി
വെള്ളല്ലൂർ വട്ടവിളയിലെ വീട് സുധീഷിന്റെ മുത്തശ്ശി വസുമതിയുടെ ഉടമസ്ഥതയിലുള്ളതാണ്. മൂന്നു മാസം മുൻപേ ഈ വീട്ടിൽ പ്രതികൾ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
സൗണ്ട് പ്രൂഫ് സംവിധാനമുള്ള പ്രത്യേക മുറി നിർമ്മിക്കുന്നതിനായി ഏകദേശം രണ്ടു ലക്ഷം രൂപയോളം ഇവർ ചെലവിട്ടതായാണ് പൊലീസിന്റെ നിഗമനം. അലുമിനിയം ഷീറ്റുകളും കട്ടി കൂടിയ കണ്ണാടികളും ഉപയോഗിച്ച് പുറത്തുനിന്നുള്ളവർക്ക് കാണാൻ കഴിയാത്ത വിധത്തിലാണ് ഈ മുറി ക്രമീകരിച്ചിരുന്നത്.
വീടിന്റെ ഉടമസ്ഥയായ വസുമതി അറിയാതെ ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ചാണ് പ്രതികൾ ഇവിടെ കൃത്യം നടത്തിയതെന്ന് സംശയിക്കുന്നു. തുടർച്ചയായ നിരീക്ഷണം
പ്രതികൾ ഏറെ നാളായി കുടുംബത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു.
അനിൽകുമാറിന്റെ വീട്ടിലേക്ക് വന്നുപോയിരുന്നവരെപ്പറ്റി ഇവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആക്രമണത്തിനിടെ, “മകൾ കഴിഞ്ഞദിവസം വീട്ടിൽ വന്നിരുന്നു അല്ലേ” എന്ന് പ്രതികളിലൊരാൾ ചോദിച്ചത് ഇക്കാര്യം സ്ഥിരീകരിക്കുന്നതായി അനിൽകുമാറിന്റെ ഭാര്യ സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തി.
രണ്ട് വർഷം മുൻപ് സമാനമായ രീതിയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ഒരാളെ പിടികൂടി വർക്കല പൊലീസിൽ ഏൽപിച്ചിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

