സംസ്ഥാനത്ത് നടന്ന പിഎസ്സി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടം ചോദ്യപേപ്പർ മാറിനൽകിയതിനെ തുടർന്ന് റദ്ദാക്കിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി അധികൃതർ. വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ട
സ്കൂൾ പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ, ഒരു പിഎസ്സി ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സാധ്യതയേറി. ഇന്ന് ചേരുന്ന പിഎസ്സി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.
ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് ഗുരുതരമായ ഈ വീഴ്ച സംഭവിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലായ ചീഫ് സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ടുമാരായി പ്രവർത്തിച്ച രണ്ട് അധ്യാപകർ, പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന പിഎസ്സിയിലെ പേഴ്സണൽ അസിസ്റ്റന്റ് എന്നിവരെയാണ് നടപടിക്കായി പരിഗണിക്കുന്നത്.
പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ചോദ്യപേപ്പർ കെട്ടുകൾ പിഎസ്സിയിൽ നിന്ന് സ്കൂളിലെത്തിക്കുന്നത്. ഇവ പ്രിൻസിപ്പലിന്റെ സുരക്ഷിത കസ്റ്റഡിയിലാണ് സൂക്ഷിക്കാറുള്ളത്.
രാവിലെ നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ ബ്രൗൺ കവറിലും (FN – ഫോർ നൂൺ), ഉച്ചയ്ക്കുള്ള പരീക്ഷയുടേത് പച്ച കവറിലുമാണ് (AN – ആഫ്റ്റർ നൂൺ) ഉണ്ടായിരുന്നത്.
കവറുകൾക്ക് പുറത്ത് ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് ചീഫ് സൂപ്രണ്ട് കവറിൽ ഒപ്പിട്ട
ശേഷം ചോദ്യക്കടലാസുകൾ പുറത്തെടുക്കുമ്പോൾ ഇൻവിജിലേറ്റർമാരും അസിസ്റ്റന്റ് സൂപ്രണ്ടുമാരുമായ രണ്ട് അധ്യാപകർ സാക്ഷികളായി ഒപ്പിടണം. കൂടാതെ, പിഎസ്സിയുടെ ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ വേണം കവറുകൾ പൊട്ടിക്കാൻ.
എന്നാൽ, കവർ പൊട്ടിക്കുന്ന സമയത്ത് പിഎസ്സി ഉദ്യോഗസ്ഥൻ ഹാളുകൾ പരിശോധിക്കാൻ പോയെന്ന വാദമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ വീഴ്ചയിൽ പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പാണ്.
ലജ്നത്തുൽ മുഹമ്മദിയ സ്കൂളിലെ 10 ഹാളുകളിലായി 200 ഉദ്യോഗാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 166 പേർ പരീക്ഷ എഴുതാൻ ഹാജരായിരുന്നു.
ഈ ഉദ്യോഗാർത്ഥികൾക്ക് മാത്രം വീണ്ടും പരീക്ഷ നടത്തുമെന്ന് പിഎസ്സി അറിയിച്ചിട്ടുണ്ട്. പരീക്ഷയുടെ ഒന്നാം ഘട്ടത്തിന് മാറ്റമൊന്നുമില്ല.
അതേസമയം, ചോദ്യപേപ്പർ മാറിനൽകിയത് പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമായതിനാൽ, മറ്റ് ഇൻവിജിലേറ്റർമാർക്കെതിരെ കർശന നടപടി ഉണ്ടായേക്കില്ലെന്നും, എങ്കിലും അവരിൽ നിന്ന് വിശദീകരണം തേടുമെന്നുമാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

