സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമായി വർഷങ്ങളായി നടന്നുവരുന്ന പൊതിച്ചോർ വിതരണം തടയാനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണേണ്ട
സർക്കാർ, നിലവിലുള്ള സംവിധാനങ്ങളെപ്പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം വിചിത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഭേദമന്യേ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകിയിരുന്ന ഒരു സന്നദ്ധ പ്രവർത്തനമാണിതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു.
ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിന് മുൻപായി തിടുക്കപ്പെട്ട് ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കുന്നതിൽ എന്ത് ഔചിത്യമാണുള്ളതെന്ന് അദ്ദേഹം സർക്കാരിനോട് ആരാഞ്ഞു. “ഇവർക്ക് ആരോടാണ് പ്രതിബദ്ധത ?, വിശക്കുന്നവന് ആഹാരം നൽകുന്നത് മനുഷ്യത്വം” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 150 പേരാണ് പകർപ്പവ്യാധികൾ മൂലം മരണപ്പെട്ടത്.
കൂടാതെ, റിപ്പോർട്ട് ചെയ്യപ്പെട്ട 20 ചികിത്സാപിഴവുകളും ഷിഗെല്ല വ്യാപനം മുൻകാലത്തേക്കാൾ 10 ഇരട്ടി വർധിച്ചതും ആരോഗ്യരംഗത്തെ കെടുകാര്യസ്ഥതയ്ക്ക് തെളിവാണ്.
ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിലോ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ജനക്ഷേമകരമായ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമായിരിക്കണം ഒരു സർക്കാരിന്റെ അടിസ്ഥാന തത്വം.
ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ വിവേകം കാണിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

