പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യത്തിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് യുഎഇ. മേഖലയിലെ സംഘർഷങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും, കൂടുതൽ യുദ്ധസാഹചര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിച്ചേക്കാവുന്ന നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ട
എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്നും യുഎഇ ഭരണകൂടം ഔദ്യോഗികമായി ആവശ്യപ്പെട്ടു. മേഖലയിൽ കൂടുതൽ അനിഷ്ട
സംഭവങ്ങൾ ഒഴിവാക്കാനും സംഘർഷങ്ങൾ രൂക്ഷമാകാതിരിക്കാനും എല്ലാ വിഭാഗങ്ങളും പരമാവധി ആത്മസംയമനം പാലിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ശത്രുത അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങിയെത്താനാണ് രാജ്യത്തിന്റെ ആഹ്വാനം.
ആഗോള സമ്പദ്വ്യവസ്ഥയുടെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യാതൊരു തടസ്സവുമില്ലാതെയും സുരക്ഷിതമായും തുടരണമെന്ന് രാജ്യം ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്ന സമുദ്രപാതകളിലെ ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും യുഎഇ ആവർത്തിച്ചു.
സ്കൂളുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഊർജ്ജ നിലയങ്ങൾ, ഗതാഗത സംവിധാനങ്ങൾ, ജനവാസ കേന്ദ്രങ്ങൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം പ്രവൃത്തികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് വിലയിരുത്തുന്നതായും, ഒരു സാഹചര്യത്തിലും ഇതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
മേഖലയിൽ ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും യുഎഇ ഊന്നിപ്പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

