ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നു. ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സൗകര്യം മുൻനിർത്തി അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് പരപ്പിൽ മണ്ഡലം കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
രാത്രി വൈകി ഉറക്കമൊഴിഞ്ഞ് മത്സരം കാണുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച സ്കൂളിലെത്തുന്നത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തടസ്സമാകുമെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി പരിഗണിച്ച് അവധി നൽകണമെന്നാണ് മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഫുട്ബോൾ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കിക്കൊണ്ട് എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. കുട്ടികളുടെ ക്ഷീണം ഒഴിവാക്കാനും അവരുടെ കായിക താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ തീരുമാനമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
രക്ഷിതാക്കളും ഈ നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.
അവധി പ്രഖ്യാപിച്ച പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്:
മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ.
കൂടാതെ, തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിട്ടുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

