എറണാകുളം എളമക്കര പൊറ്റക്കുഴി മാക്കാപറമ്പിൽ താമസിക്കുന്ന മറിയം പൈലി (ചിന്ന–71) അന്തരിച്ചു. വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ചു പൊള്ളലേറ്റതിനെത്തുടർന്നു ചികിത്സയിലായിരുന്നു ഇവർ.
സംഭവം ഇങ്ങനെ
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വൈദ്യുതി മുടങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്. വലതു കൈയ്ക്ക് സ്വാധീനക്കുറവുള്ള മറിയം പൈലി മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ തീ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു.
ഇവരുടെ സഹോദരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മറിയം പൈലിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ശരീരത്തിൽ ഏകദേശം 40 ശതമാനത്തോളം പൊള്ളലേറ്റ ഇവർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംഭവത്തിൽ എളമക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മൃതദേഹം സംസ്കരിച്ചു.

