ദില്ലി: പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലേക്ക് തൃണമൂൽ കോൺഗ്രസ് വിമത വിഭാഗത്തിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചു. തൃണമൂൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞുണ്ടായ നാഷണൽ സിറ്റിസൺ പാർട്ടിയുടെ അധ്യക്ഷനായി സുദീപ് ബന്ദോപാധ്യായെയും, ചീഫ് വിപ്പായി കാകോലി ഘോഷ് ദസ്തിദാറെയും ലോക്സഭാ സ്പീക്കർ ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
ഈ നടപടി ജനാധിപത്യ തത്വങ്ങളെ അവഹേളിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം രൂക്ഷമായി പ്രതികരിച്ചു. പ്രതിപക്ഷ നിരയിലെ ഭിന്നതകളെ മുതലെടുക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് വിമർശനമുയരുന്നുണ്ട്.
ഇതിന്റെ ഭാഗമായി ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിനും, എൻ.സി.പി ശരദ് പവാർ വിഭാഗത്തിനും സർക്കാർ സമാനമായ രീതിയിൽ കത്തുകൾ നൽകിയിട്ടുണ്ട്. മറുഭാഗത്ത്, പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹാരമില്ലാതെ തുടരുകയാണ്.
പാർലമെന്റിൽ സ്വീകരിക്കേണ്ട പൊതുവായ നിലപാടുകൾ രൂപീകരിക്കാനായി കോൺഗ്രസ് തിങ്കളാഴ്ച പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെങ്കിലും, ഏതൊക്കെ കക്ഷികൾ ഇതിൽ സഹകരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.
സഖ്യത്തിലെ പ്രധാന കക്ഷിയായ ഡി.എം.കെ പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ ‘വെയ്റ്റ് ആൻഡ് വാച്ച്’ നയമാണ് സ്വീകരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

